ബാങ്കുകളുടെ ലയനം സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകില്ല, തീരുമാനത്തോട്  യോജിപ്പില്ലെന്നും തോമസ് ഐസക്

ബാങ്കുകളുടെ ലയനം സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. രാജ്യത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണുള്ളതെന്നും അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രാജ്യം വലിയ ആപത്തിലേക്ക് പോകുമെന്നും തോമസ് ഐസക് ് പറഞ്ഞു. ബാങ്കുകളുടെ ലയനത്തിനോട് സംസ്ഥാന സര്‍ക്കാരിന് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് അവതരിപ്പിച്ച പൊതുമേഖലാ ബാങ്ക് ലയന പദ്ധതിയുടെ രണ്ടാം ഘട്ടമാണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പ്രഖ്യാപിച്ചത്. 5 ട്രില്യണ്‍ സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യത്തിന് ശക്തമായ പൊതുമേഖലാ ബാങ്കുകളുടെ അടിത്തറ വേണമെന്ന നയമാണ് ലയനത്തിലേക്ക് എത്തിച്ചത്. പത്ത് പ്രധാനപൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുന്നത്. ഇതോടെ, പൊതുമേഖലാ ബാങ്കുകളുടെ എണ്ണം നിലവിലെ പതിനെട്ടില്‍ നിന്ന് 12 ആയി കുറയും.

പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് എന്നിവ ലയിപ്പിച്ച് ഒന്നാക്കും. 17.94 ലക്ഷം കോടിയുടെ വ്യപാരവുമായി എസ്ബിഐ കഴിഞ്ഞാല്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്കായി ഇത് മാറും. കനറാ ബാങ്കും സിന്‍ഡിക്കേറ്റ് ബാങ്കും ഒന്നായി രാജ്യത്തെ നാലാമത്തെ വലിയ ബാങ്കിങ് ശൃംഖലയാകും. യൂണിയന്‍ ബാങ്കും ആന്ധ്രാ ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും ലയിപ്പിച്ച് രാജ്യത്തെ അഞ്ചാമത്തെ വലിയ ബാങ്ക് രൂപീകരിക്കും. ഇന്ത്യന്‍ ബാങ്കും അലഹബാദ് ബാങ്കും ഒന്നാക്കാനുള്ള തീരുമാനവും ധനമന്ത്രി പ്രഖ്യാപിച്ചു.