'ഇതാണെന്റെ ജീവിതം'; ഇപി ജയരാജന്റെ ആത്മകഥ ഈ മാസം പുറത്തിറങ്ങും

സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്റെ ആത്മകഥ പുറത്തിറങ്ങുന്നു. ‘ഇതാണെന്റെ ജീവിതം’ എന്ന് പേരിട്ടിരിക്കുന്ന ആത്മകഥ ഒക്ടോബർ 20നാണ് വിപണിയിലെത്തുക. മാതൃഭൂമി ബുക്‌സാണ് പുസ്‌തകം പുറത്തിറക്കുന്നത്. ആത്മകഥയെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് ശേഷം തന്റെ ആത്മകഥ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുമെന്ന് ഇപി പ്രഖ്യാപിച്ചിരുന്നു.

ഇപി ജയരാജൻ്റെ ആത്മകഥയിലെ ചില ഭാഗങ്ങളെന്ന രീതിയിൽ കഴിഞ്ഞവർഷം ഉപതിരഞ്ഞെടുപ്പ് കാലത്ത് പുറത്തുവന്ന ഭാഗങ്ങൾ വൻ വിവാദമാണ് ഉണ്ടാക്കിയത്. ‘കട്ടൻചായയും പരിപ്പുവടയും: ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരിൽ മറ്റൊരു പ്രസാധകരാണ് പുസ്‌തകം പുറത്തിറക്കുന്നത് എന്നായിരുന്നു അന്ന് പുറത്തുവന്ന വിവരം.

പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകളുടെ ചൂടിൽ നിൽക്കുന്ന വേളയിലാണ് സിപിഎമ്മിനെ വെട്ടിലാക്കിക്കൊണ്ട് ഇപിയുടെ ആത്മകഥയിലേതെന്ന രീതിയിലുള്ള വിവാദ ഭാഗങ്ങൾ പുറത്തുവന്നത്. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയപ്പോൾ പാർട്ടി തന്നെ കേൾക്കാൻ തയ്യാറായില്ല, രണ്ടാം പിണറായി വിജയൻ സർക്കാർ ദുർബലമാണ്, പാലക്കാട്ടെ സരിൻ്റെ സ്ഥാനാർഥിത്വം ശരിയാണോ എന്ന് കാലം തെളിയിക്കും തുടങ്ങിയ കാര്യങ്ങളാണ് ജയരാജന്റേതെന്ന പേരിൽ പുറത്തുവന്ന ആത്മകഥാഭാഗങ്ങളിലുണ്ടായിരുന്നത്.

Read more

എന്നാൽ ഇതെല്ലാം അന്ന് ഇപി ജയരാജൻ നിഷേധിക്കുകയും പ്രസാധകർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപിയുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവി എ ഷാഹുൽ ഹമീദാണ് കേസ് അന്വേഷിക്കുന്നത്.