തിരുവല്ലത്തെ യുവതിയുടെ ആത്മഹത്യ; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച സിപിഒ നവാസിന് സസ്പെൻഷൻ

തിരുവല്ലത്ത് ഭർതൃ മാതാവിന്റെ പീഡനം മൂലം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച സിപിഒ നവാസിനെ സസ്പെൻഡ് ചെയ്തു. കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് നവാസ്. പ്രതികൾക്ക് വിവരം ചോർത്തി നൽകി എന്ന ആരോപണത്തിൽ ഉദ്യോഗസ്ഥനെതിരെ തിരുവല്ലം സിഐ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ഡിസംബർ 26ന് വൈകിട്ടാണ് ഷഹാന ഷാജിയെ വണ്ടിത്തടത്തെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്തൃവീട്ടുകാരുടെ മാനസിക, ശാരീരിക പീഡനമാണ് മരണത്തിന് കാരണമെന്നായിരുന്നു പരാതി. എന്നാൽ, ഷഹാനയുടെ മരണത്തിന് പിന്നാലെ ഭർത്താവ് നൗഫലും ഇയാളുടെ മാതാവും ഒളിവിൽ പോയിരുന്നു.

ഇവർക്കായി പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇവരുടെ ബന്ധുകൂടിയായ ഇയാൾ പോലീസിന്റെ നീക്കങ്ങൾ പ്രതികൾക്ക് ചോർത്തി നൽകിയത്. പോലീസ് ഇവരെ പിന്തുടരുന്നതിന്റെ കൃത്യമായ വിവരങ്ങളാണ് നവാസ് പ്രതികൾക്ക് ചോർത്തി നൽകിയത്. തുടർന്നാണ് ഈ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് തിരുവല്ലം സിഐ കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

2020ലായിരുന്നു നൗഫൽ-ഷഹാന ദമ്പതികളുടെ വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം. പിന്നീട് ഷഹാനയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പോരെന്ന് പറഞ്ഞ് നൗഫലിന്റെ ഉമ്മ അടക്കമുള്ള ബന്ധുക്കൾ നിരന്തരം പരിഹസിക്കുകയായിരുന്നുവെന്ന് ഷഹാനയുടെ ബന്ധുക്കൾ പറയുന്നു. പരിഹാസം പിന്നെ പീഡനമായി മാറി. നൗഫൽ ഇത് തടഞ്ഞില്ലെന്നും ഷഹാനയുടെ കുടുംബം ആരോപിക്കുന്നു.

ഇതിനിടെ നൗഫലിൻറെ ചികിത്സക്കായി പോയ സമയത്ത് ഷഹാനയെ ആശുപത്രിയിൽ വെച്ച് നൗഫലിന്റെ ഉമ്മ മർദിച്ചതായി കുടുംബം പറയുന്നത്. ഇതോടെ ഷഹാന സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. അതിനിടെ, അനുജൻറെ മകൻറെ ജന്മദിനവുമായി ബന്ധപ്പെട്ട ചടങ്ങിൽ പോകാൻ കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് നൗഫൽ എത്തിയെങ്കിലും നേരിട്ട് ക്ഷണിക്കാത്തതിനാൽ പോകാൻ ഷഹാന തയ്യാറായില്ല.

ഇതോടെ കുഞ്ഞിനെയുമെടുത്ത് ഭർത്താവ് പോയി. പിന്നാലെ യുവതി മുറിയിൽ കയറി വാതിലടച്ചു. പിന്നീട് മുറിയിൽ നിന്ന് പ്രതികരണമില്ലാത്തതിനെ തുടർന്ന് വാതിൽ ചവിട്ടി തുറന്നു നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്.