രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ വിദേശത്തുള്ള പരാതിക്കാരിയായ യുവതിയുടെ രഹസ്യ മൊഴിയെടുക്കാൻ അന്വേഷണ സംഘം. യുവതി കഴിയുന്ന വിദേശരാജ്യത്തെ ഇന്ത്യൻ എംബസി വഴി വീഡിയോ കോണ്‍ഫറന്‍സിലൂടെ രഹസ്യ മൊഴിയെടുക്കാനാണ് എസ്ഐടിയുടെ നീക്കം. ഇതിനായി തിങ്കളാഴ്ച ഹൈക്കോടതിയുടെ അനുമതി തേടും.
ഇന്നലെ ഇതുമായി ബന്ധപ്പെട്ട് എസ്പി പൂങ്കുഴലി യുവതിയുമായി ഫോണിൽ സംസാരിച്ചു. വിദേശരാജ്യത്തെ ഇന്ത്യൻ എംബസി വഴി വീഡിയോ കോണ്ഫറന്സിലൂടെയാവും യുവതിയുടെ രഹസ്യമൊഴി എടുക്കുക. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിൽ നിന്ന് പിടിച്ചെടുത്ത രണ്ട് ഫോണുകളും സാങ്കേതിക സംവിധാനം ഉപയോഗിച്ച് തുറക്കാനാണ് എസ്ഐടി ശ്രമം. ഫോണിലെ മുഴുവൻ ഫയലുകളും പകര്‍ത്താൻ രണ്ട് ടിബിയുടെ ഹാര്‍ഡ് ഡിസ്കുകള്‍ എസ്ഐടി സംഘം വാങ്ങി.
ഇതുവരെ ഫോണുകളുടെ പാസ്വേര്ഡ് നൽകാൻ രാഹുൽ തയ്യാറായിട്ടില്ല. തനിക്ക് അനുകൂലമായ തെളിവുകള്‍ ഫോണിലുണ്ടന്നും അത് പൊലീസ് നശിപ്പിക്കുമെന്നുമാണ് രാഹുൽ പറയുന്നത്. ലാപ്ടോപ് എവിടെയാണെന്നും രാഹുൽ പറയുന്നില്ല. അതേസമയം, തെളിവെടുപ്പിനായി രാഹുലിനെ പാലക്കാടേക്ക് കൊണ്ടുപോകില്ല. കേസിൽ അതിന്റെ ആവശ്യമില്ലെന്നും കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യൽ മാത്രം മതിയെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.







