'ഒരു ദയാദാക്ഷണ്യവുമില്ലാതെ തള്ളിപ്പറഞ്ഞുകളഞ്ഞല്ലോ'; ആ​ന​ന്ദ് കെ തമ്പിയുടെ മരണത്തിൽ ബിജെപിയെ എതിർപ്പറിയിച്ച് ആർഎസ്എസ്

തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ മനം നൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആ​ന​ന്ദ് കെ തമ്പിയുടെ മരണത്തിൽ ബിജെപി നേതൃത്വത്തെ എതിര്‍പ്പറിയിച്ച് ആര്‍എസ്എസ്. ആനന്ദിനെ തള്ളിപ്പറഞ്ഞ എസ് സുരേഷിനെതിരെ രൂക്ഷ വിമർശനവും ആർഎസ്എസ് ഉയർത്തി. ഒരു ദയാദാക്ഷണ്യവുമില്ലാതെ ആനന്ദിനെ തള്ളിപ്പറഞ്ഞുകളഞ്ഞല്ലോ എന്നായിരുന്നു ആർഎസ്എസിന്റെ ചോദ്യം.

ആനന്ദിന് സംഘബന്ധമുണ്ടായിരുന്നുവെന്നാണ് ആര്‍എസ്എസ് വ്യക്തമാക്കുന്നത്. ഇന്നലെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് ആര്‍എസ്എസ് നേതാക്കള്‍ ആനന്ദിന്റെ വീട്ടിലെത്തിയിരുന്നു. രാഷ്ട്രീയം ഒരാളെ അധഃപതിപ്പിച്ചെന്നായിരുന്നു ശാസ്തമംഗലം മണ്ഡല്‍ കാര്യവാഹ് അഖില്‍ മനോഹറിന്റെ ആരോണം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിമര്‍ശനം.

ഒരു ദയാദാക്ഷണ്യവും കൂടാതെ ഒറ്റവാക്കില്‍ ആനന്ദിനെ തള്ളിപ്പറഞ്ഞെന്നും ശാസ്തമംഗലം മണ്ഡല്‍ കാര്യവാഹ് അഖില്‍ ആരോപിച്ചു. മാധ്യമങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും രാഷ്ട്രീയമായിത്തന്നെ മറുപടി പറയണമെന്ന് ഒരു നിര്‍ബന്ധവുമില്ല. രാഷ്ട്രീയം ഒരാളെ എത്രമാത്രം അധഃപതിപ്പിക്കാം എന്ന് നിങ്ങള്‍ കാണിച്ചുതന്നുവെന്നും സുരേഷിനെതിരെ വിമര്‍ശനമുന്നയിച്ചുകൊണ്ട് അഖില്‍ കുറിച്ചു.

ആ​ന​ന്ദ് കെ ത​മ്പിയുടെ മരണത്തിൽ പ്രതികരിച്ച് ബിജെപി നേതൃത്വം രംഗത്തെത്തിയിരുന്നു. ആനന്ദ് ബിജെപി പ്രവർത്തകനല്ലെന്ന് നേതൃത്വം അറിയിച്ചു. ഒരുകാലത്തും പാർട്ടി പ്രവർത്തകൻ ആയിരുന്നില്ല. തദ്ദേശതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടികയിൽ ആനന്ദ് ഉണ്ടായിരുന്നില്ലെന്നും നേതൃത്വം വ്യക്തമാക്കി. ഉദ്ധവ് താക്കറെയുടെ ശിവസേനയിലാണ് ആനന്ദ് എന്നും ആനന്ദിന്റെ മരണം ബിജെപിക്കെതിരെ കുപ്രചരണത്തിന് ഉപയോഗിക്കുന്നുവെന്നും നേതൃത്വം ആരോപിച്ചു.

Read more