സംസ്ഥാനത്ത് ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജന്. രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകുമെന്നും അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റവന്യൂ മന്ത്രി കെ. രാജന്.
ശാരീരികമായി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പോലെ തന്നെ മാനസികമായ അസ്വാസ്ഥ്യങ്ങളും, ഒരു ഹീറ്റ് സ്ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കുമെന്ന പ്രതീക്ഷയും കെ രാജന് അറിയിച്ചു. ആരോഗ്യപ്രശ്നങ്ങളോടൊപ്പം ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ തീപ്പിടിത്തം, പാമ്പ് കടി മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയില്‍ ജാഗ്രത പാലിക്കണമെന്ന് എല്ലാ വകുപ്പുകളോടും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഒപ്പം പൊതുജനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ധാരാളം വെള്ളം കുടിച്ചും അവശ്യമായ ശാരീരിക വിശ്രമം എടുത്തുകൊണ്ടും പ്രതിരോധിക്കാന്‍ കഴിയണം. പകല്‍ സമയത്ത് അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ച് ഒരു ലോക്ക്ഡൗണിന്റെ മാനസികാവസ്ഥയോടുകൂടി തുരാന് കഴിയുന്നവര്‍ അങ്ങനെ തുടരണം. പ്രത്യേകിച്ച് ഹൃദ്രോഗം, പ്രമേഹം, ചര്‍മരോഗങ്ങള്‍, ക്യാന്‍സര്‍ പോലെയുള്ള ആരോഗ്യപ്രശ്നമുള്ളവര്‍ പ്രത്യേകമായി ശ്രദ്ധിക്കണം. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും കുട്ടികളും ആല്‍ബനിസം പോലെയുള്ള രോഗങ്ങളുള്ളവര്‍ സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ച് ഒരു സെല്‍ഫ് ലോക്ക് ഡൗണിന് വിധേയമാകണമെന്നാണ് അഭ്യര്‍ഥന. രണ്ടുമൂന്നുദിവസത്തേക്ക് അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണം.
Read more
ലോക്കല്‍ ഹീറ്റ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനുള്ള ചുമതല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. തൊഴിലിടങ്ങളില്‍ ആളുകള്‍ക്ക് ആവശ്യമായ വിശ്രമം നല്‍കണമെന്നും റവന്യു മന്ത്രി പറഞ്ഞു. തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട നിര്‍ദേശം നേരത്തേ തന്നെ നല്‍കിയിട്ടുണ്ട്. ആനകള്‍ക്ക് ചൂട് ഏല്‍ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംഘാടകരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ആന ഇടഞ്ഞുപോകാതിരിക്കാന്‍ ചാക്ക്, ചവിട്ടി പോലെയുള്ളവ ഉപയോഗിച്ച് എപ്പോഴും വെള്ളം കൊടുത്ത് തണുപ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







