ഇടുക്കിയില്‍ ഗവര്‍ണര്‍ക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടാകും; ബില്ലില്‍ ഒപ്പിടാത്തതില്‍ ആരിഫ് മുഹമ്മദ് ഖാന് ഒരു ന്യായീകരണവും പറയാനില്ലെന്ന് എം വി ഗോവിന്ദന്‍

നിയസഭയിലെ നയപ്രഖ്യാപനം ഗവര്‍ണ്ണറുടെ ഭരണഘടനാപരമായ ബാധ്യതയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണ്ണര്‍ക്ക് നയപ്രഖ്യാപന പ്രസംഗം നടത്താതിരിക്കാന്‍ കഴിയില്ല.

ഇടുക്കി കര്‍ഷകമാര്‍ച്ച് വിജയമാകുമെന്ന് കണ്ടപ്പോഴാണ് ഗവര്‍ണ്ണര്‍ ഇടുക്കി യാത്ര തീരുമാനിച്ചത്, ഇടുക്കിയില്‍ കര്‍ഷകരുടെ ശക്തമായ പ്രതിഷേധമുണ്ടാകും. ഗവര്‍ണ്ണര്‍ ഭൂനിയമ ബില്ലില്‍ ഒപ്പിടാത്തത് കൊണ്ടാണ് കര്‍ഷകര്‍ പ്രയാസം അനുഭവിക്കുന്നത്. ഈ കാര്യത്തില്‍ ഗവര്‍ണ്ണര്‍ക്ക് ഒരു ന്യായീകരണവും പറയാനില്ലന്നും അദേഹം പറഞ്ഞു.

ഈ നിയമ ഭേദഗതിയെ സഭയില്‍ സ്വാഗതം ചെയ്യുകയും ഏകകണ്ഠമായി പാസാക്കുവാന്‍ സഹകരിക്കുകയും ചെയ്ത പ്രതിപക്ഷം ഇപ്പോള്‍ നിയമ ഭേദഗതി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് പറയുന്നത്.

യുഡിഎഫിന്റെ ഈ നിലപാട് ഇരട്ടത്താപ്പാണ്. ഇടുക്കിയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഈ നിയമ ഭേദഗതി അവര്‍ ജീവിതത്തില്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ സഹായിക്കുന്നതാണ്.

ആറു പതിറ്റാണ്ടിലേറെക്കാലമായുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ഭൂമി പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് 1960ലെ ഭൂപതിവ് നിയമത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. ജനങ്ങള്‍ക്ക് അത്രമേല്‍ ഗുണകരമായ ഈ നീക്കത്തെയാണ് ഗവര്‍ണര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും അദേഹം പറഞ്ഞു.