കേന്ദ്ര ലേബർ കോഡ് അതേപടി നടപ്പാക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ചട്ടങ്ങൾ രൂപീകരിക്കാൻ കടുത്ത സമ്മർദ്ദം ഉണ്ടായെന്നും യൂണിയനുകളോട് ആലോചിച്ച ശേഷം മാത്രമായിരിക്കും നടപടിയെന്നും ശിവൻകുട്ടി പറഞ്ഞു. അതേസമയം മാധ്യമങ്ങൾ തെറ്റായ വാർത്ത കൊടുക്കുന്നുവെന്നും മന്ത്രി വിമർശിച്ചു. വാർത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് മേൽ കടുത്ത സമ്മർദ്ദം ഉണ്ടായി എന്നും എന്നാൽ കോഡ് അതേപടി നടപ്പാക്കാൻ കേരളം തയ്യാറായില്ലെന്നും ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കോഡ് അതേപടി നടപ്പാക്കാൻ കേരളം തയ്യാറായില്ല. നാളെ ട്രേഡ് യൂണിയനുകളുടെ യോഗം വിളിച്ചിട്ടുണ്ട്. അതിന് ശേഷമാകും തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ലേബര്‍ കോഡിനെ പരസ്യമായി തള്ളിപ്പറയുമ്പോഴും കരട് വിജ്ഞാപനം ഇറക്കിയെന്ന് സമ്മതിച്ച് മന്ത്രി വി ശിവൻകുട്ടി നേരത്തെ രംഗത്തെത്തിയിരുന്നു. കോഡ് അനുസരിച്ചുള്ള കരട് ചട്ടങ്ങൾ സംസ്ഥാന തൊഴിൽ വകുപ്പ് തയാറാക്കിയെന്നും ചട്ടങ്ങൾ തയ്യാറാക്കുക മാത്രമാണ് ചെയ്തതെന്നും നടപ്പാക്കാനുള്ള ഒരു തുടർ നടപടിയും ചെയ്തിട്ടില്ലെന്നും മന്ത്രി പറയുന്നു. അതേസമയം ലേബർ കോഡിനെ ഇടതുപക്ഷം തള്ളിപ്പറയുമ്പോഴാണ് സംസ്ഥാനസർക്കാരിന്റെ ഈ നടപടിയെന്നതും ശ്രദ്ധേയമാണ്.







