ശബരിമലയില്‍ നടന്നത് വന്‍കൊള്ള, ശ്രീകോവിലിലെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കൊള്ളയടിച്ചു; ശിവ- വ്യാളീ രൂപങ്ങളിലെ സ്വര്‍ണവും കവര്‍ന്നുവെന്ന് കണ്ടെത്തി എസ്‌ഐടി; സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ സ്വര്‍ണം വേര്‍തിരിച്ചുവെന്നും കോടതിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍

ശബരിമല സ്വര്‍ണക്കൊള്ളയുടെ വ്യാപ്തിയേറുന്നു. വന്‍കൊള്ളയുടെ വിവരങ്ങളാണ് എസ്ഐടി അന്വേഷണത്തെ തുടര്‍ന്ന് പുറത്തുവരുന്നത്. ശബരിമലയില്‍ നിന്നും കൂടുതല്‍ സ്വര്‍ണം കൊള്ളയടിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. ശ്രീകോവിലിലെ പ്രഭാമണ്ഡലത്തിലുണ്ടായിരുന്ന സ്വര്‍ണവും കൊള്ളയടിച്ചുവെന്നും ഏഴുപാളികളിലെ സ്വര്‍ണം നഷ്ടമായെന്നുമാണ് കണ്ടെത്തല്‍. ശിവ, വ്യാളീ രൂപങ്ങളിലെ സ്വര്‍ണവും കവര്‍ന്നുവെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൈക്കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ണായക കണ്ടെത്തലുകളുള്ളത്. കസ്റ്റഡി അപേക്ഷ റിപ്പോര്‍ട്ടില്‍ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും ശിവ, വ്യാളി രൂപങ്ങളിലെ സ്വര്‍ണവും കവര്‍ന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് രാസമിശ്രിതം ഉപയോഗിച്ച് സ്വര്‍ണം വേര്‍തിരിച്ചെന്നും എസ്ഐടി കണ്ടെത്തി. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് സുപ്രധാന കണ്ടെത്തലുകളുള്ളത്.

പ്രഭാമണ്ഡലത്തിലും കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവ, വ്യാളീരൂപങ്ങിലും പൊതിഞ്ഞ സ്വര്‍ണം കടത്തികൊണ്ടുപോയതായും ഇവ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷനില്‍ എത്തിച്ചാണ് വേര്‍തിരിച്ചതെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ ഹാജരാക്കിയ സ്വര്‍ണത്തേക്കള്‍ കൂടുതല്‍ ഇനി കണ്ടെത്താനുണ്ട്. ഇതിനായി അന്വേഷണം തുടരുകയാണെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. പണിക്കൂലിയായി എടുത്ത സ്വര്‍ണം കേസിലെ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കി.

ശബരിമല ശ്രീകോവില്‍ വാതിലിന്റെ കട്ടിളയില്‍ ഘടിപ്പിച്ചിരുന്ന ദശാവതാരങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പുപാളികളിലും രാശി ചിഹ്നങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പുപാളികളിലും കട്ടിളയുടെ മുകള്‍പ്പടി ചെമ്പ് പാളിയിലുമുള്ള സ്വര്‍ണം കടത്തിയിട്ടുണ്ട്. കട്ടിളയ്ക്ക് മുകളില്‍ പതിച്ചിട്ടുള്ള ശിവരൂപവും വ്യാളി രൂപവുമുടങ്ങുന്ന പ്രഭാമണ്ഡലത്തിലുള്ള സ്വര്‍ണം പതിച്ച ചെമ്പ് പാളികളിലും ക്രമക്കേട് കണ്ടെത്തി. സര്‍ണം പതിച്ച ഏഴ് ചെമ്പ് പാളികളില്‍ നിന്നുള്ള സ്വര്‍ണവും വേര്‍തിരിച്ചുവെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. പണിക്കൂലിയായി എടുത്ത സ്വര്‍ണം പങ്കജ് ഭണ്ഡാരി എസ്ഐടിക്ക് മുന്നില്‍ ഹാജരാക്കി. കൊള്ളയടിച്ചതിന് തത്തുല്ല്യമായി 109. 243 ഗ്രാം സ്വര്‍ണമാണ് എസ്ഐടിക്ക് സ്മാര്‍ട്ട് ക്രിയേഷന്‍സ് കൈമാറിയത്.

Read more

അതേസമയം, സോണിയാഗാന്ധിയെ കണ്ടതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എസ്.ഐ.ടിയോട് വെളിപ്പെടുത്തി.. ഇന്നലെയാണ് പോറ്റിയെ എസ്.ഐ.ടി വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തത്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ അടുത്ത ആഴ്ച വീണ്ടും ചോദ്യം ചെയ്യും.