'1971ലെ ഇന്ദിരാഗാന്ധിയുടെ കാലഘട്ടവുമായി ഇന്നത്തെ സാഹചര്യത്തെ താരതമ്യം ചെയ്യേണ്ടതില്ല, ഇത് വ്യത്യസ്തം'; ശശി തരൂർ

ഇപ്പോഴത്തെ സാഹചര്യത്തെ 1971 ലെ ഇന്ദിരാ ഗാന്ധിയുടെ കാലഘട്ടവുമായി താരതമ്യം ചെയ്യേണ്ടതില്ലെന്ന് കോൺഗ്രസ് എംപി ശശി തരൂർ. അമേരിക്ക ഇടപെട്ടതിനെ പിന്നാലെ ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ ധാരണയിലെത്തിയതോടെ ഇന്ദിരാ ഗാന്ധി അമേരിക്കയ്ക്ക് മുന്നിൽ വഴങ്ങാത്ത ചരിത്രത്തെ കോൺഗ്രസ് ചർച്ച ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഇരുരാജ്യങ്ങളും വെടിനിർത്തൽ ധാരണയിലെത്തി എന്ന വിവരം ആദ്യമായി പുറത്ത് വിട്ടത്. ഇതോടെ അമേരിക്ക ഇന്ത്യൻ ഭരണകൂടത്തിന് മേൽ സമ്മർദ്ദം ചെലുത്തിയെന്ന തരത്തിൽ ചർച്ചകൾ ഉയർന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ കൊണ്ടുവരാൻ അമേരിക്ക ഇടപെട്ടത് കോൺഗ്രസ് ഒരു വിഷയമായി ഉന്നയിച്ചിരുന്നു. പിന്നാലെ 1971ൽ സമാന സാഹചര്യം ഉണ്ടായെന്നും അന്ന് ഇന്ദിര ഗാന്ധി അമേരിക്കയ്ക്ക് മുന്നിൽ വഴങ്ങിയില്ലെന്നുമുള്ള ചർച്ചകൾ കോൺഗ്രസ് സജീവമാക്കി. സമൂഹ മാധ്യമങ്ങളിലും ചർച്ചകൾ ഉയർന്നിരുന്നു.

Read more

പിന്നാലെയാണ് തരൂർ പ്രതികരിച്ചത്. ‘1971 ലെ ഇന്ദിരാ ഗാന്ധിയുടെ നടപടിയിൽ ഇന്ത്യൻ പൗരൻ എന്ന നിലയിൽ താൻ ഒരുപാട് അഭിമാനിക്കുന്നു. നിലവിലെ സാഹചര്യം 1971 ൽ നിന്ന് വ്യത്യസ്തമാണ്. അന്ന് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ബംഗ്ലാദേശിന്റെ ധാർമികമായ ഒരു പോരാട്ടമാണ് നടന്നത്. ബംഗ്ലാദേശിനെ മോചിപ്പിക്കുക എന്നത് ഇന്ത്യയുടെ വ്യക്തമായ ഒരു ലക്ഷ്യമായിരുന്നു. ഇന്ത്യയിലേക്ക് തീവ്രവാദികളെ അയച്ചവരെ പാഠം പഠിപ്പിക്കുക എന്നതാണ് ഇന്നത്തെ പോരാട്ടത്തിന്റെ ലക്ഷ്യം. അതിനുള്ള വില അവർ നൽകിയേ മതിയാകൂ. ആ പാഠം അവരെ പഠിപ്പിച്ചു കഴിഞ്ഞു. അല്ലാതെ ഇത് തുടർന്ന് കൊണ്ടുപോകാൻ ഉദ്ദേശിക്കുന്ന ഒരു യുദ്ധമല്ല’- തരൂർ പറഞ്ഞു.