'പ്രവര്‍ത്തക സമിതിയിലേക്ക് മത്സരിക്കാനില്ല, തിരഞ്ഞെടുപ്പ് വേണം'; നിലപാട് വ്യക്തമാക്കി ശശി തരൂര്‍

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് മല്‍സരിക്കാനില്ലെന്ന് ശശി തരൂര്‍ എം.പി. പ്രവര്‍ത്തക സമിതിയില്‍ തിരഞ്ഞെടുപ്പ് വേണം. തന്റെ ഭാഗം നിറവേറ്റി, ഇനി മറ്റുള്ളവര്‍ മുന്നോട്ട് വരട്ടേയെന്നും തരൂര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പുകള്‍ പാര്‍ട്ടിക്ക് നല്ലതാണെന്ന കാര്യം ഞാനുയര്‍ത്തി. ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തു. ഇനിയും എന്താണ് ചെയ്യേണ്ടതെന്ന് പാര്‍ട്ടിയോടു പറയേണ്ടത് എന്റെ കടമയായി തോന്നുന്നില്ല. ഓരോ സമയത്തും എടുക്കേണ്ട നടപടികള്‍ അവര്‍ എടുക്കട്ടെ. പാര്‍ട്ടി എന്തു നിലപാടെടുത്താലും ഒപ്പമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയത്. ചത്തിസ്ഗഢിലെ റായ്പുരില്‍ കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തിനു മുന്നോടിയായാണ് അഭിമുഖം.

പാര്‍ട്ടിയുടെ ചരിത്രത്തിലെ നിര്‍ണായക സമയത്താണ് പ്ലീനറി സമ്മേളനം വരുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്, ഭാരത് ജോഡോ യാത്ര എന്നിവയ്ക്കു ശേഷം 2024ലെ പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി തന്ത്രങ്ങളൊരുക്കാനുള്ള സമ്മേളനമാണിത്.