ഗിയറില്ലാത്ത മോട്ടോര്‍ സൈക്കിള്‍ ഡ്രൈവിങ് ടെസ്റ്റ് രീതിയില്‍ മാറ്റമില്ല; പ്രതിഷേധം ഉയര്‍ന്നപ്പോള്‍ വിശദീകരിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

ഗിയറില്ലാത്ത മോട്ടോര്‍ സൈക്കിള്‍ ഡ്രൈവിങ് ടെസ്റ്റ് രീതിയില്‍ മാറ്റമില്ലന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍. റോഡു സുരക്ഷയെ മുന്‍നിര്‍ത്തി മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സംബന്ധിച്ചു പുറപ്പെടുവിച്ച 4/2024 -ാം നമ്പര്‍ സര്‍ക്കുലറിലെ നിര്‍ദേശങ്ങളില്‍ ഗിയറില്ലാത്ത മോട്ടോര്‍ സൈക്കിള്‍ ടെസ്റ്റില്‍ ഒരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്നും അത്തരത്തിലുള്ള തെറ്റിദ്ധാരണകള്‍ പൊതുജനങ്ങളില്‍ നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഇതു സംബന്ധിച്ചു വിശദീകരണം നല്‍കുന്നതെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

‘മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍’ എന്ന വിഭാഗത്തിന് ഇനി ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാല്‍ പാദം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സെലക്ഷന്‍ സംവിധാനമുള്ളതും 95 C C -ക്കു മുകളില്‍ എഞ്ചിന്‍ കപ്പാസിറ്റിയുള്ളതുമായ മോട്ടോര്‍ സൈക്കിള്‍ ആയിരിക്കണമെന്ന് ഇന്നലെ നിര്‍ദേശം പുറത്തിറക്കിയിരുന്നു. ഇതില്‍ പ്രതിഷേധം കടുത്തിരുന്നു.

നിലവില്‍ ഡ്രൈവിങ് സ്‌കൂള്‍ ലൈസന്‍സില്‍ ചേര്‍ത്തിട്ടുള്ള 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ 2024 മേയ് ഒന്നിനു മുമ്പായി നീക്കം ചെയ്യേണ്ടതും പകരം 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ ലൈസന്‍സില്‍ ചേര്‍ക്കേണ്ടതുമാണെന്നും ഇതു സംബന്ധിച്ചു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. പുതിയ നിര്‍ദേശങ്ങള്‍ മേയ് ഒന്നിനു പ്രാബല്യത്തില്‍ വരും.

ഓട്ടോമാറ്റിക് ഗിയര്‍/ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്ള വാഹനങ്ങളിലും, ഇലക്ട്രിക് വാഹനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റിനു വിധേയരാകുന്ന അപേക്ഷകര്‍ക്ക് ഇനി സാധാരണ മാനുവല്‍ ഗിയര്‍ ഉള്ള വാഹനം ഓടിക്കാന്‍ കഴിയില്ല. ഇത്തരം വാഹനങ്ങള്‍ ഓടിക്കാന്‍ ശ്രമിക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിനായി ഓട്ടോമാറ്റിക് ഗിയര്‍/ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാന്‍ പാടില്ല എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തിലെ പാര്‍ട്ട് 2 റോഡ് ടെസ്റ്റ് കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 15(3) അനുശാസിക്കുന്ന കാര്യങ്ങള്‍ പരിശോധിച്ച് വാഹന ഗതാഗതമുള്ള റോഡില്‍ നടത്തുവാന്‍ നിര്‍ദേശം നല്‍കുന്നു. ഗ്രൗണ്ടില്‍ തന്നെ പാര്‍ട്ട് 2 റോഡ് ടെസ്റ്റ് നടത്തുന്നത് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണത്തിലെ വീഴ്ചയായി കണക്കാക്കും.