ഇടതില്‍ ഇപ്പോള്‍ രണ്ട് തരം നേതാക്കളാണ് ഉള്ളത്; തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകും : രാഹുൽ ഗാന്ധി

ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്‍ഡിഎഫിനെ ഇപ്പോള്‍ ഇടതുപക്ഷം എന്ന് വിളിക്കാനാകില്ലെന്നും ഇടതില്‍ ഇപ്പോള്‍ രണ്ട് തരം നേതാക്കളാണ് ഉള്ളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അമ്പലപ്പുഴയില്‍ ജി. സുധാകരന്റെ തെരഞ്ഞെടുപ്പ് റാലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ഒരു മുതിര്‍ന്ന നേതാവ് ഇന്ന് ഇവിടെയുണ്ട്. അദ്ദേഹത്തിന്റെ ചിന്ത പെട്ടന്ന് ഒരു ദിവസംകൊണ്ട് മാറിയതല്ല. അദ്ദേഹം അവസരവാദപരമായ നിലപാട് സ്വീകരിച്ചതുകൊണ്ടല്ലെന്നും എല്‍ഡിഎഫിന് സംഭവിച്ച അടിസ്ഥാനപരമായ മാറ്റങ്ങള്‍ കാരണമാണ് അദ്ദേഹം ഈ വേദിയില്‍ എത്തിയതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

മുമ്പ് ചില ആശയങ്ങള്‍ക്കായി എല്‍ഡിഎഫ് നിലകൊണ്ടിരുന്നെങ്കിലും ഇപ്പോള്‍ ആ ആശയങ്ങളില്‍ നിന്ന് അവര്‍ വ്യതിചലിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ന് ഇടതുപക്ഷത്തില്‍ ഇടതുപക്ഷമായ യാതൊന്നുമില്ലെന്നും രാഹുല്‍ പറഞ്ഞു.