എറണാകുളം ജില്ലയിൽ ആറു സീറ്റിൽ വിജയപ്രതീക്ഷ; കേരളത്തിൽ എൻഡിഎ തൊട്ടുകൂടാത്തവരല്ല: സാബു ജേക്കബ്

എറണാകുളം ജില്ലയിൽ എൻഡിഎയ്ക്ക് ആറു സീറ്റിൽ വിജയപ്രതീക്ഷയുണ്ടെന്ന് ട്വന്റി20 ചെയർമാൻ സാബു എം ജേക്കബ്. സംസ്ഥാനത്ത് 80 സീറ്റുകളിൽ എൻഡിഎ ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്. കേരളത്തിൽ എൻഡിഎ തൊട്ടുകൂടാത്തവരല്ലെന്നും സാബു ജേക്കബ് പറഞ്ഞു.

ക്രിസ്ത്യാനികളെ മൈക്രോ മൈനോറിറ്റി ആയി പ്രഖ്യാപിക്കാനുള്ള നടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സ്- പോൾ ടോക്‌സിൽ സംസാരിക്കുകയായിരുന്നു സാബു ജേക്കബ്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വന്റി20 പാർട്ടി എട്ട് സീറ്റുകളിലാണ് മത്സരിച്ചത്. എൻഡിഎയിൽ ചേർന്നശേഷം പാർട്ടി ഒരു സീറ്റും ആവശ്യപ്പെട്ടില്ല. സീറ്റ് വിഭജനം വിജയസാധ്യതയുടെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്നായിരുന്നു ട്വന്റി 20യുടെ നിലപാട്. ബിജെപി വിജയിച്ച നഗരസഭയായ തൃപ്പൂണിത്തുറ മണ്ഡലം ട്വന്റി20 യ്ക്ക് നൽകിയത് വിജയസാധ്യത പരിഗണിച്ചാണെന്നും സാബു എം. ജേക്കബ് പറഞ്ഞു.