പാക്-അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം; ആറ് പാക് സൈനികർ കൊല്ലപ്പെട്ടെന്ന് താലിബാൻ

പാക്-അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം. ഏറ്റുമുട്ടലിൽ ആറ് പാകിസ്താനി സൈനികരെ വധിച്ചതായി താലിബാൻ സൈന്യം അവകാശപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് ഖോസ്ത് പ്രവിശ്യയിലെ താനി ജില്ലയിലെ അതിർത്തിപ്രദേശത്ത് ഇരുസൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

ഇരു വിഭാഗവും പരസ്പരം രൂക്ഷമായ വെടിവെപ്പും ഷെല്ലിങ്ങും നടത്തി. ഏറ്റുമുട്ടലിൽ ആറ് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടെന്നാണ് അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന്റെ അവകാശവാദം.

സംഘർഷത്തിൽ നിരവധി പാക് സൈനികർക്ക് പരിക്കേറ്റതായും താലിബാൻ പറയുന്നു. അതിർത്തിയിലെ ഒരു പാക് സൈനികപോസ്റ്റ് പിടിച്ചെടുത്തതായും താലിബാൻ അവകാശപ്പെട്ടു. ഒരിടവേളയ്ക്ക് ശേഷമാണ് പാകിസ്താനും അഫ്ഗാനിസ്താനും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുന്നത്.