ശബരിമല സ്വർണക്കൊള്ള കേസിൽ ഇനിയും കുറെ സത്യങ്ങൾ പുറത്തുവരാനുണ്ടെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ. അന്വേഷണത്തിൽ പാളിച്ചയുണ്ടെങ്കിൽ പുതിയ അന്വേഷണമെന്ന് പറഞ്ഞ കെ മുരളീധരൻ ആദ്യം കുറ്റപത്രം സമർപ്പിക്കട്ടെ എന്നും കൂട്ടിച്ചേർത്തു. എല്ലാം പുറത്തുവരുമെന്നും മന്ത്രി കെ മുരളീധരൻ കൂട്ടിച്ചേർത്തു.
ആദ്യം കുറ്റപത്രം സമർപ്പിക്കട്ടെ, ഇനിയും കുറെ സത്യങ്ങൾ പുറത്തുവരാനുണ്ട്. മുൻ മന്ത്രി വാസവൻ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട് എന്ന് മന്ത്രി പറഞ്ഞു. അതേസമയം കേസിൽ എസ്ഐ ടി സംഘം ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് വീണ്ടും സന്നിധാനത്ത് പരിശോധന നടത്തി. പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കിയെടുത്ത് തൂക്കം പരിശോധിച്ചു.
മിഥുനമാസ പൂജകൾക്ക് ശബരിമല നട തുറന്നതോടെയാണ് എസ്ഐടി സംഘമെത്തിയത്. തിരുവാഭരണ കമീഷണർ സ്ഥലത്തെത്തിയതിന് പിന്നാലെയാണ് ശ്രീകോവിലിലെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കിയെടുത്തത്. ലീഗൽ മെട്രോളജി വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു പരിശോധന. ആവശ്യമെങ്കിൽ പരിശോധന തുടരാനാണ് എസ്ഐടി തീരുമാനം.
Read more
അതിനിടെ എ പത്മകുമാറിനെതിരെ നടപടിയെടുക്കാൻ നിർണായകമായ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്, വി എൻ വാസവൻ, സജി ചെറിയാൻ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉൾപ്പെട്ട ജില്ലാ കമ്മിറ്റി അംഗവും ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന എ പത്മകുമാറിനെതിരെ കമ്മിറ്റിയിൽ നടപടിയെടുക്കും.







