മേയര്‍ എഴുതിയത് പോലെ കത്തുകള്‍ ഇനിയുമുണ്ട്, അതും പുറത്തുവരും: ഗവര്‍ണര്‍

മേയറുടെ കത്ത് അടക്കം ഗുരുതര ആരോപണങ്ങള്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ മേയറുടെ കത്തിലടക്കം സര്‍ക്കാരിന് ജനങ്ങളോടു വിശദീകരിക്കേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വ്വകലാശാലകളിലും ഇത്തരം നിയമനങ്ങളുണ്ട്. ഇതിനാണ് അവര്‍ ജനങ്ങളോടു മറുപടി പറയേണ്ടത്. ഇത്തരം കത്തുകള്‍ ഏറെയുണ്ട്. വൈകാതെ പുറത്തുവരും. നിയമവകുപ്പും എജിയും ഉണ്ടായിട്ടും നിയമോപദേശത്തിനു മാത്രം സര്‍ക്കാര്‍ ലക്ഷങ്ങള്‍ മുടക്കുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍ക്കാരിലെ ചിലര്‍ രാജ് ഭവനെ നിയന്ത്രിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപണമുന്നയിച്ചു.

വൈസ് ചാന്‍സലര്‍മാരുടെ മറുപടി വായിച്ചശേഷം തുടര്‍നടപടി തീരുമാനിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. തനിക്ക് പ്രധാനമന്ത്രിയെ വിമര്‍ശിക്കാനാകില്ല. അതുപോലെ താന്‍ നിയമിച്ചവര്‍ തന്നെ വിമര്‍ശിക്കരുത്. അദ്ദേഹം വാര്‍ത്താസമ്മേളനട്ടില്‍ പറഞ്ഞു.

അതേസമയം, വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഗവര്‍ണര്‍ രണ്ട് മാധ്യമങ്ങളെ വിലക്കി. കേഡര്‍ മാധ്യമങ്ങളോട് താന്‍ സംസാരിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം കൈരളിയുടെയും മീഡിയ വണ്ണിന്റെയും റിപ്പോര്‍ട്ടര്‍ മാരോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇന്ന് രാവിലെ രാജ്ഭവനില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് ഗവര്‍ണറുടെ മാധ്യമവിലക്ക്. കൈരളിയെയും മീഡിയ വണ്‍ ചാനലിനെയും വാര്‍ത്താസമ്മേളനത്തിന് ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തസമ്മേളനത്തിനിടെ മീഡിയവണ്‍, കൈരളി മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തിലുണ്ടോയെന്ന് ഗവര്‍ണര്‍ പേരെടുത്ത് ചോദിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരോട് വാര്‍ത്തസമ്മേളനത്തില്‍ നിന്ന് പുറത്തുപോകാന്‍ പറയുകയായിരുന്നു. തനിക്കെതിരെ കാമ്പയിന്‍ നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു നടപടി.

അതേസമയം, ഗവര്‍ണറുടെ വാര്‍ത്തസമ്മേളനത്തിന് അറിയിപ്പ് ലഭിച്ചിട്ടാണ് പങ്കെടുത്തതെന്ന് മീഡിയവണ്‍ വ്യക്തമാക്കി. ഇതിന്റെ ഇ-മെയില്‍ സന്ദേശം ചാനല്‍ പുറത്തുവിട്ടു.

നേരത്തെയും ഗവര്‍ണര്‍ മീഡിയവണിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. അന്നും കേഡര്‍ മാധ്യമമെന്ന് വിളിച്ചാണ് മീഡിയവണ്‍ അടക്കമുള്ള മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞത്. മീഡിയവണിന് പുറമെ കൈരളി, റിപ്പോര്‍ട്ടര്‍ എന്നീ ചാനലുകള്‍ക്കാണ് അന്ന് വിലക്കുണ്ടായിരുന്നത്.