'ഷാഫിക്കെതിരെ ഉണ്ടായത് ഭീകരമായ അക്രമം, ഷാഫിയെ വേട്ടയാടാന്‍ അനുവദിക്കില്ല'; പൊലീസ് ആക്രമണത്തിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

വടകര എംപി ഷാഫി പറമ്പിലിനെതിരായ പൊലീസ് മർദ്ദനത്തിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. പൊലീസ് നടപടിയെ കോൺഗ്രസ് നേതാക്കള്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. ഷാഫിയെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം ഷാഫിക്കെതിരെ ഉണ്ടായത് ഭീകരമായ അക്രമമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പറഞ്ഞു.

കോഴിക്കോട് പേരാമ്പ്ര സികെജി കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെയാണ് ഷഫീക്ക് മർദ്ദനം ഏറ്റത്. പൊലീസിന്റെ മർദനത്തിൽ ഷാഫി പറമ്പിൽ എംപിയുടെ മൂക്കിലെ 2 എല്ലുകൾ പൊട്ടിയിരുന്നു. ഷഫിക്ക് ഒപ്പമുണ്ടായിരുന്ന നിരവധി പ്രവർത്തകർക്കും അക്രമത്തിൽ പരിക്കേറ്റു. ആക്രമണത്തിൽ ഇന്ന് സംസ്ഥാനമൊട്ടാകെ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.

പേരാമ്പ്രയിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ തുടര്‍ സമരങ്ങള്‍ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. ഷാഫിക്കെതിരായ ആക്രമണം ആസൂത്രിതമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അക്രമം നിസാരമായിക്കാണാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഷാഫിയുടെ പോപ്പുലാരിറ്റി അവരെ ഭയപ്പെടുത്തുന്നുവെന്നും പൊലീസ് തിരഞ്ഞുപിടിച്ചാണ് ആക്രമിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഷാഫി പറമ്പില്‍ എംപിയെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഷാഫി പറമ്പിലിനെ നിരന്തരമായി വേട്ടയാടാന്‍ അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഷാഫി പറമ്പിലിനെ നിരന്തരമായി വേട്ടയാടുന്നു. ഇതിന് അനുവദിക്കില്ല. എംപിയെ കണ്ടാല്‍ പൊലീസിന് അറിയില്ലേ. മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. രണ്ട് ജാഥകള്‍ ഒരേ റൂട്ടില്‍ വിട്ടത് പൊലീസ്. അതില്‍ ഒരു വിഭാഗം ആളുകള്‍ക്ക് മാത്രം എങ്ങനെ പരുക്കേല്‍ക്കുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

അതേസമയം കേരളത്തില്‍ നടക്കുന്ന കൊള്ള മറച്ചുവെക്കാനുള്ള ശ്രമമാണ് ഷാഫിക്കെതിരായ അക്രമമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഭീകരമായ അക്രമമാണ് ഷാഫിക്കെതിരെ ഉണ്ടായത്. കാട്ടുനീതിയാണ് നടപ്പാകുന്നത്. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന ഉദ്യോഗസ്ഥരുണ്ട്. എല്ലാം കണക്ക് എഴുതിവെച്ചിട്ടുണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Read more