മൂന്നാര്‍ 'കാശ്മീര്‍' ആകുന്നില്ല; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ആശങ്കയില്‍; കാലാവസ്ഥ താളംതെറ്റി; ജനുവരിയില്‍ പ്രതീക്ഷ

മൂന്നാറിലെ താപനിലയില്‍ മാറ്റം. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ആശങ്കയില്‍. നേരത്തെ ഡിസംബര്‍ മാസത്തില്‍ തന്നെ താപനില മൈനസിലേക്ക് എത്തുന്നതാണ്. എന്നാല്‍, ഇക്കുറി അതുണ്ടായില്ല. ഇന്നലെ സംസ്ഥാനത്തെ ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയത് മൂന്നാറിലാണ്.

8.3 ഡിഗ്രി സെഷ്യല്‍സാണ് കുണ്ടള ഐ എം ഡി കാലാവസ്ഥ സ്റ്റേഷനില്‍ രേഖപ്പെടുത്തിയത്. ഡിസംബര്‍ ആദ്യപകുതിയില്‍ മഴപെയ്തതും കാറ്റും കാലാവസ്ഥയുടെ താളംതെറ്റിച്ചതില്‍ എല്ലാവരും ആശങ്കയിലാണ്. ജനുവരിയില്‍ താപനില മൈനസിലെത്തുമെന്നാണ് സഞ്ചാരികളുടെ പ്രതീക്ഷ.

ക്രിസ്മസ് – പുതുവത്സരത്തിനായി വിനോദ കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, എക്കോ പോയിന്റ് എന്നിവടങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. നൂറ്ക്കണക്കിന് സഞ്ചാരികള്‍ ബോട്ടിങ് നടത്തി.

ഫോട്ടോ പോയിന്റ് , കെഎഫ്‌സിസിയുടെ പൂന്തോട്ടം, മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ഹൈഡല്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ സഞ്ചാരികളെ കൊണ്ട് നിറഞ്ഞു. വരയാടുകളുടെ ആവാസ കേന്ദ്രമായ രാജമലയില്‍ ആയിരക്കണക്കിന് സഞ്ചാരികളെത്തിയെന്നും കെറ്റിഡിസിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.