യു.ഡി.എഫിന്റെ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിന് എതിരെ സമസ്തയും മുജാഹിദും

യു.ഡി.എഫിന്റെ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിനെതിരെ മതസംഘടനകളായ സമസ്തയും മുജാഹിദ് വിഭാഗവും രംഗത്ത്. സമസ്ത, മുജാഹിദ് നേതൃത്വം മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ കണ്ട് തങ്ങളുടെ വിയോജിപ്പ് അറിയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം ലീഗിന്റെ മതേതര സ്വഭാവം നഷ്ടപ്പെടുത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. അതേസമയം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതായി സമസ്ത നേതാക്കള്‍ അറിയിച്ചു.

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരുതലത്തിലുള്ള ധാരണയുമുണ്ടാക്കരുതെന്ന ആവശ്യം ഉന്നയിച്ചാണ് സമസ്ത, മുജാഹിദ് നേതാക്കള്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ കണ്ടത്.  സാമുദായിക പാര്‍ട്ടിയാണെങ്കിലും മുസ്ലിം ലീഗിന് മതേതര മുഖമുണ്ട്. എന്നാല്‍ ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ ജനാധിപത്യത്തെ തള്ളിപ്പറഞ്ഞവരും മതമൗലികവാദ നിലപാടുള്ളവരുമാണ് എന്നുമാണ് മതസംഘടനകളുടെ അഭിപ്രായം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം മുസ്ലിം ലീഗിന്റെ മതേതര സ്വഭാവത്തെ കളങ്കപ്പെടുത്തുമെന്നും സമസ്ത നേതാക്കള്‍ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു.

ഇതിനു പിന്നാലെ വിവിധ മുജാഹിദ് വിഭാഗങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സംഘവും കുഞ്ഞാലിക്കുട്ടിയെ സന്ദർശിച്ച് എതിര്‍പ്പ് അറിയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു തരത്തിലുള്ള ധാരണയുമില്ലെന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചതായി സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

Read more

യു.ഡി.എഫ്- വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിനെതിരെ എസ്.വൈ.എസ് തയ്യാറാക്കിയ നിവേദനം നേതാക്കള്‍ കുഞ്ഞാലിക്കുട്ടിക്ക് കൈമാറി. തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്-വെല്‍ഫെയര്‍പാര്‍ട്ടി ധാരണ പുറത്തായതോടെയാണ് മതസംഘടനകള്‍ എതിര്‍പ്പുന്നയിച്ച് രംഗത്തുവന്നത്.