സംസ്ഥാന സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തിയേക്കും

സംസ്ഥാന സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം നിലവിലെ 56ൽ നിന്ന് 57 ആയി ഉയർത്തിയേക്കും. ഈ പ്രഖ്യാപനം 2022-23 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാന സർക്കാർ ജീവനക്കാർ ഇത്ര നേരത്തെ വിരമിക്കുന്നത് കേരളത്തിൽ മാത്രമാണ്, ചില സംസ്ഥാനങ്ങളിൽ പെൻഷൻ പ്രായം 58 വയസും ചിലതിൽ 60 ഉം ആണ്.

വിരമിക്കൽ പ്രായം ഒരു വർഷമായി വർധിപ്പിച്ചാൽ, ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള സേവന ആനുകൂല്യങ്ങൾ ഒരു വർഷത്തേക്ക് മാറ്റിവയ്ക്കാം. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി അനിശ്ചിതത്വത്തിലായതിനാൽ ഇത് ധനമന്ത്രി ബാലഗോപാലിന് വലിയ ആശ്വസമായി മാറും. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന ബാലഗോപാലിന്‌ കടം വാങ്ങുക എന്ന ഏക പോംവഴി മാത്രമേ നിലവിൽ മുന്നിലുള്ളൂ.

നേരത്തെ ഉമ്മൻചാണ്ടി സർക്കാരാണ് (2011-16) എല്ലാ ജീവനക്കാരുടെയും വിരമിക്കൽ പ്രായം 56 ആക്കി ക്രമീകരിച്ചത്.

വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥൻ കെ.മോഹൻദാസ് അധ്യക്ഷനായ കേരള സംസ്ഥാന ശമ്പള പരിഷ്‌കരണ കമ്മീഷനാണ് വിഷയം പഠിച്ച് വിരമിക്കൽ പ്രായം ഉയർത്താൻ ശിപാർശ ചെയ്തതെന്നും പിണറായി വിജയൻ സർക്കാർ അഞ്ചംഗ ഉന്നതതല സമിതിയോട് ഇത് പരിശോധിക്കാൻ ആവശ്യപ്പെട്ടതായുമാണ് വിവരം.

സർക്കാർ ജോലി തേടി തൊഴിൽ ഏജൻസികളിൽ മറ്റും രജിസ്റ്റർ ചെയ്തിട്ടുള്ള നാൽപ്പത് ലക്ഷം ചെറുപ്പക്കാർ കേരളത്തിലുണ്ട്. വിരമിക്കൽ പ്രായം ഉയർത്താൻ പോകുകയാണെങ്കിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ യുവജന സംഘടനകൾ തെരുവിലിറങ്ങി സമരം ചെയ്യുന്ന സാഹചര്യം ഉണ്ടാവും.