'മതമല്ല വിശപ്പാണത്രേ പ്രശ്നം, എന്നാല്‍ പിന്നെ എല്ലാവര്‍ക്കും കുറച്ചു കപ്പ പുഴുങ്ങിക്കൊടുത്ത് കേരളത്തിന്റെ പ്രശ്നം തീര്‍ക്കാന്‍ പറ്റുമോ'; ഒരു ജനതയെ വഞ്ചിക്കാമെന്ന് വിചാരിക്കരുത്, കമ്മ്യൂണിസ്റ്റായാലും കൊള്ളാം ആരായാലും കൊള്ളാമെന്ന് സണ്ണി എം കപിക്കാട്

വിശപ്പാണ് പ്രശ്നമെങ്കില്‍ എല്ലാവര്‍ക്കും കപ്പ പുഴുങ്ങി കൊടുത്താല്‍ കേരളത്തിന്റെ എല്ലാ പ്രശ്നവും തീരില്ലേയെന്ന് ദളിത് ചിന്തകന്‍ സണ്ണി എം. കപിക്കാട്. മതമല്ല വിശപ്പാണ് പ്രധാനമെന്നുള്ള ഇടതുപക്ഷ വാദത്തെ വിമര്‍ശിച്ചുകൊണ്ടാണ് സണ്ണി എം കപിക്കാടിന്റെ പരാമര്‍ശം. കുചേലവൃത്തം വഞ്ചിപ്പാട്ട് പാടി ഒരു ജനതയെ വഞ്ചിക്കാമെന്ന് വിചാരിക്കരുതെന്നും കമ്മ്യൂണിസ്റ്റായാലും കൊള്ളാം ആരായാലും കൊള്ളാമെന്നും സണ്ണി എം കപിക്കാട് പരിഹസിച്ചു.

കുറെ തിന്നാന്‍ കൊടുത്താ മതിയോ എന്ന ചോദ്യം ചോദിച്ച് ഇവര്‍ എന്താ ഈ പറയുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നു പറഞ്ഞാണ് ദളിത് ചിന്തകനായ സണ്ണി എം കപിക്കാട് ഇടതുപക്ഷ വാദത്തെ വിമര്‍ശിക്കുന്നത്. മതമല്ല വിശപ്പാണത്രേ പ്രശ്നം എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും കുറച്ചു കപ്പ പുഴുങ്ങിക്കൊടുത്ത് കേരളത്തിന്റെ പ്രശ്നം തീര്‍ക്കാന്‍ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. വിശപ്പ് മാത്രമല്ല ഇത് അന്തസിനെക്കുറിച്ചുള്ള ചോദ്യമാണെന്നാണ് ദളിത് ചിന്തകനായ സണ്ണി എം കപിക്കാട് പറഞ്ഞുവെയ്ക്കുന്നത്.

‘മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നതെന്ന് ക്രിസ്തു പറയുന്നുണ്ട്. കുറെ തിന്നാന്‍ കൊടുത്താ മതിയോ… ഇവരെന്നാ ഈ പറയുന്നത്. എനിക്ക് മനസ്സിലാകുന്നില്ല. മതമല്ല വിശപ്പാണത്രേ പ്രശ്നം. എന്നാല്‍ പിന്നെ എല്ലാവര്‍ക്കും കുറച്ചു കപ്പ പുഴുങ്ങിക്കൊടുത്ത് കേരളത്തിന്റെ പ്രശ്നം തീര്‍ക്കാന്‍ പറ്റുമോ. ഇത് അന്തസിനെക്കുറിച്ചുള്ള ചോദ്യമാണ്.

Read more

കുചേലവൃത്തം വഞ്ചിപ്പാട്ട് പാടി ഒരു ജനതയെ വഞ്ചിക്കാമെന്ന് വിചാരിക്കരുത്. കമ്മ്യൂണിസ്റ്റായാലും കൊള്ളാം ആരായാലും കൊള്ളാം. ഇത് ഞാന്‍ പറയുന്നത് ചരിത്രത്തെ ബോധ്യമുള്ളതുകൊണ്ടാണെന്നും സണ്ണി എം കപിക്കാട് പറയുന്നു. ഡോ. ബി.ആര്‍. അംബേദ്ക്കറെ കോണസ്റ്റിറ്റുവന്റ് അസംബ്ലിയില്‍നിന്നു പുറത്താക്കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തെ ആ അസംബ്ലിയിലേക്ക് ആനയിക്കാന്‍ തീരുമാനിച്ചത് അന്ന് ജിന്ന നേതൃത്വം കൊടുത്ത മുസ്ലിം ലീഗാണ്. മുസ്ലിം ലീഗ് സഹായിച്ചുവെന്നത് ശരിയാണ്, പക്ഷേ ജിന്നയുടെ ഒരു വാക്കുണ്ട്. അത് ഇന്ത്യയിലെ ദലിതരുടെ ചരിത്രവും അവകാശരാഹിത്യവും അവരുടെ ശേഷിയെക്കുറിച്ചും പഠിക്കുന്ന ആളെന്ന നിലയില്‍ ഞാനത് മറക്കില്ലെന്നും സണ്ണി എം കപിക്കാട് പറഞ്ഞു. ഡോ. അംബ്ദേക്കറെ പോലെ പ്രതിഭാശാലിയായ മനുഷ്യന്റെ സേവനം ഇന്ത്യക്ക് നഷ്ടപ്പെട്ടുകൂടാ എന്നാണ് ജിന്ന പറഞ്ഞത്. അത് പറയാന്‍ ജിന്നയെ ഉണ്ടായിരുന്നുള്ളൂവെന്ന് തിരിച്ചറിയാനുള്ള ബോധം കേരളത്തിലെയും ഇന്ത്യയിലെയും ദലിതര്‍ക്കുണ്ടെന്നും സണ്ണി കപിക്കാട് പറഞ്ഞു.