തലശ്ശേരി-മാഹിയും, മുക്കോല കാരോട് ബൈപാസും പ്രധാനമന്ത്രി ഇന്ന് കേരളത്തിന് സമര്‍പ്പിക്കും; രാവിലെ മുതല്‍ ടോള്‍ പിരിച്ച് തുടങ്ങും

ദേശീയപാത 66ന്റെ ഭാഗമായ തലശേരി -മാഹി ബൈപാസിന്റെയും മുക്കോല കാരോട് ബൈപാസിന്റെയും ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു നിര്‍വഹിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ബൈപാസ് രാഷ്ട്രത്തിനു സമര്‍പ്പിക്കുന്നത്. രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 2 വരെയുള്ള സമയത്താണ് ഇതിന്റെ ലൈവ് സ്ട്രീമിങ് നടക്കുക. ചോനാടത്ത് പ്രത്യേക വേദിയില്‍ ലൈവ് സ്ട്രീമിങ് കാണാന്‍ സൗകര്യം ഒരുക്കുന്നുണ്ട്.

. ദേശീയപാതയുടെ ഭാഗമായി 2796 കോടി രൂപയുടെ പദ്ധതിയാണിത്. കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട്ടുനിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂര്‍വരെ നീളുന്ന തലശേരി -മാഹി ബൈപാസ് ട്രയല്‍ റണ്ണിനായി കഴിഞ്ഞ ദിവസം തുറന്നിരുന്നു. ഒരു മേല്‍പ്പാലം, ഒരു റെയില്‍വേ മേല്‍പ്പാലം, 21 അടിപ്പാതകള്‍, ഒരു ടോള്‍ പ്ലാസ എന്നിവയുള്‍പ്പെടുന്നതാണ് ബൈപാസ്. ഇരുഭാഗത്തും 5.5 മീറ്റര്‍ വീതിയിലുള്ള സര്‍വീസ് റോഡുകളുമുണ്ട്.

ടോള്‍ പിരിവ് ഇന്നു രാവിലെ 8 മുതല്‍ ആരംഭിക്കും. ഫാസ്ടാഗ് സംവിധാനം വഴിയാണ് ടോള്‍ പിരിവ്. ഫാസ്ടാഗ് ഇല്ലെങ്കില്‍ ടോള്‍ നിരക്കിന്റെ ഇരട്ടി തുക നല്‍കണം. ഫാസ്ടാഗ് എടുക്കാനുള്ള സൗകര്യം ടോള്‍ പ്ലാസയില്‍ ലഭ്യമാക്കുമെന്ന് കരാര്‍ കമ്പനിയായ എവി എന്റര്‍പ്രൈസസ് അധികൃതര്‍ അറിയിച്ചു. ഫാസ്ടാഗ് റീചാര്‍ജ് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും.

പണി പൂര്‍ത്തിയാക്കിയ തിരുവനന്തപുരം മുക്കോല കാരോട് ബൈപാസ് കഴിഞ്ഞ വര്‍ഷം തന്നെ തുറന്നു നല്‍കിയിരുന്നു. ആകെ 16.05 കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡ് സംസ്ഥാനത്തെ ആദ്യത്തെ നീളം കൂടിയ കോണ്‍ക്രീറ്റ് പാതയാണ്.