പാര്‍ട്ടിയുടെ ശക്തി എന്തെന്ന് ബോദ്ധ്യപ്പെടുത്തും, ജനങ്ങളെയെല്ലാം കൂട്ടി കൈകാര്യം ചെയ്യുകയല്ലാതെ വേറെ വഴിയില്ല; കളക്ടര്‍ക്കും സബ് കളക്ടര്‍ക്കും എം.എം മണിയുടെ ഭീഷണി

ഇടുക്കി കളക്ടറെയും ദേവികുളം സബ് കളക്ടറെയും പാര്‍ട്ടിയുടെ ശക്തി എന്താണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കുമെന്ന് എം.എം. മണി എം.എല്‍.എ. ഭൂപ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രി മൈതാനപ്രസംഗം നടത്തിയാല്‍ പോരാ രേഖാമൂലം ഉത്തരവ് നല്‍കണമെന്ന കളക്ടറുടെ പരാമര്‍ശത്തില്‍ പ്രതികരിക്കവേയാണ് എംഎം മണിയുടെ പരാമര്‍ശം.

75 വര്‍ഷം മുന്‍പ് ലഭിച്ച പട്ടയത്തില്‍ സാങ്കേതിക തകരാര്‍ ഉണ്ടാക്കിയത് ഉദ്യോഗസ്ഥരാണ്. സാങ്കേതിക പിഴവു തിരുത്തേണ്ടതും ഉദ്യോഗസ്ഥരാണ്. 1964-ലെ ഭൂപതിവ് ചട്ടങ്ങള്‍ക്കുവിരുദ്ധമായ നിര്‍മാണങ്ങള്‍ക്കെതിരേയുള്ള നടപടി നിര്‍ത്തിവെക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം മറികടന്ന് ജില്ലാ കളക്ടറും ദേവികുളം സബ്കളക്ടറും പ്രവര്‍ത്തിക്കുകയാണ്. ഇത് വെച്ചുപൊറുപ്പിക്കാനാകില്ല.

Read more

ഭൂമി പരിശോധനയുമായി ബന്ധപ്പെട്ട എല്ലാ നടപടിയും നിര്‍ത്തിവെച്ചില്ലെങ്കില്‍ അയാളെ ഇറങ്ങിനടക്കാന്‍പോലും സമ്മതിക്കുന്ന പ്രശ്നമില്ല. ജനങ്ങളെയെല്ലാംകൂട്ടി കൈകാര്യം ചെയ്യുകയല്ലാതെ വേറെവഴിയില്ല. ജനവിരുദ്ധ നടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ 18 ന് സി.പി.എം. ദേവികുളം സബ് കളക്ടറുടെ ഓഫീസ് വളയുമെന്നും മണി പറഞ്ഞു.