ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ സംഘപരിവാറിന്റെ രാഷ്ട്രീയലക്ഷ്യം; അംഗീകരിക്കാനാകില്ലെന്ന് എ.എ റഹീം

‘ഒരു രാഷ്ട്രം,ഒരു ഭാഷ,ഒരു സംസ്‌കാരം’എന്നത് ആര്‍എസ്എസ് അജണ്ടയാണെന്ന് രാജ്യസഭാ അംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റുമായ എ എ റഹീം. ഹിന്ദി ഇംഗ്ലീഷിന് ബദലാകണമെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തെ കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദു,ഹിന്ദി,ഹിന്ദുസ്ഥാന്‍ എന്നത് സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യമാണ. അതാണ് അമിത്ഷാ ആവര്‍ത്തിച്ചത്. ഇത് അംഗീകരിക്കാനാകില്ല. ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകള്‍ക്കും ഹിന്ദിഭാഷയ്ക്കുള്ള തുല്യ പ്രാധാന്യവും പ്രസക്തിയുമുണ്ട്. അത് നിഷേധിക്കാന്‍ അനുവദിക്കില്ല. ഭരണഘടനയുടെ ഹൃദയം തന്നെ ബഹുസ്വരതയാണെന്നും അദ്ദേഹം കുറിച്ചു.

ഇന്ധന വില വര്‍ധനയടക്കം ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നും ചര്‍ച്ചയെ വഴിതിരിച്ചു വിടുകയെന്നതാണ് ഇത്തരം വിഷം വമിപ്പിക്കുന്ന പ്രസ്താവനകളുടെ മറ്റൊരു ലക്ഷ്യം. ഭിന്നിപ്പിച്ച് ഭരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഹിന്ദിഭാഷ എല്ലാവരിലും അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരെയും ജനവിരുദ്ധ ഭരണത്തിനെതിരെയും എല്ലാവരും ശബ്ദമുയര്‍ത്തണമെന്നും റഹീം ആവശ്യപ്പെട്ടു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഹിന്ദി ഇതര ഭാഷക്കാർ ഇഗ്ളീഷിന് പകരം പൊതു ഭാഷയായി ഹിന്ദി ഉപയോഗിക്കണം എന്ന അമിത്ഷായുടെ പ്രഖ്യാപനം രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് നേരെയുള്ള കടന്നാക്രമണമാണ്.
‘ഒരു രാഷ്ട്രം,ഒരു ഭാഷ,ഒരു സംസ്കാരം’ എന്നത് ആർഎസ്എസ് അജണ്ടയാണ്. ഹിന്ദു,ഹിന്ദി,ഹിന്ദുസ്ഥാൻ… സംഘപരിവാറിന്റെ ഈ രാഷ്ട്രീയ ലക്ഷ്യമാണ് അമിത്ഷാ ആവർത്തിച്ചത്. ഇത് അംഗീകരിക്കാനാകില്ല.
ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകൾക്കും ഹിന്ദിഭാഷയ്ക്കുള്ള തുല്യ പ്രാധാന്യവും പ്രസക്തിയുമുണ്ട്.അത് നിഷേധിക്കാൻ അനുവദിക്കില്ല. ഭരണഘടനയുടെ ഹൃദയം തന്നെ ബഹുസ്വരതയാണ്.ഭാഷാപരമായ വൈവിധ്യങ്ങൾ തകർക്കാൻ നമ്മൾ അനുവദിച്ചുകൂട.
വില വർധനവിൽ ജനജീവിതം പൊള്ളുകയാണ്.ഓരോദിവസവും ഇന്ധന വില വർധിപ്പിക്കുന്നു.
പൊതു സ്വത്ത് കോർപ്പറേറ്റുകൾക്ക് വിൽക്കുന്നു. സാധാരണ ഇന്ത്യക്കാരന്റെ പ്രശ്നം ഏതു ഭാഷയിൽ സംസാരിക്കും എന്നല്ല,എങ്ങനെ ജീവിക്കും എന്നതാണ്.ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ നിന്നും ചർച്ചയെ വഴിതിരിച്ചു വിടാനാണ് ഇത്തരം വിഷം വമിപ്പിക്കുന്ന പ്രസ്താവനകളുടെ മറ്റൊരു ലക്ഷ്യം.
വിഭജിപ്പിച്ചു ഭരിക്കാൻ ശ്രമിക്കുകയാണ് ബിജെപി. ഹിന്ദിഭാഷ എല്ലാവരിലും അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ ശബ്ദമുയർത്തുക. ദുരിതമനുഭവിക്കുന്ന എല്ലാ മതക്കാരും, എല്ലാ ഭാഷക്കാരും ജനവിരുദ്ധ ഭരണത്തിനെതിരെ ഒരൊറ്റ ശബ്ദമാവുക.