പാർട്ടിക്ക് ദൈവത്തെ വിശ്വാസമില്ല, പക്ഷെ ദൈവത്തിനു പാർട്ടിയെ നല്ല വിശ്വാസമാണ്: അഡ്വ. എ. ജയശങ്കർ

സി.പി.എം അംഗങ്ങൾ ദൈവനാമത്തിൽ സത്യവാചകം ചൊല്ലുന്നത് കുറ്റമായി കാണുന്നരീതി പാർട്ടി ഇത്തവണ മാറ്റി. അതിനാൽ, ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലിയ മന്ത്രി അടക്കമുള്ള മൂന്ന് പാർട്ടിയംഗങ്ങൾക്കെതിരേ സംസ്ഥാനസമിതി നടപടി കൈക്കൊണ്ടില്ല. ഈ വിഷയത്തിൽ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ. ദൈവ തിരുനാമത്താൽ നമ്മുടെ പാർട്ടിയെ ധന്യമാക്കിയ മൂന്നു മെമ്പർമാർക്കും ശിക്ഷയില്ല, അഭിനന്ദനങ്ങൾ! എന്ന് ജയശങ്കർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത വിഷയത്തിൽ നടപടി ഉണ്ടാവുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. കമ്മ്യൂണിസ്റ്റുകാരന് ശാസ്ത്രയുക്തി ബോധം ഉണ്ടാകണമെന്ന് വിജയരാഘവൻ പറഞ്ഞു. സമൂഹത്തിലും അത്തരം ബോധം സൃഷ്ടിക്കപ്പെടും. അതൊരു നല്ലസമൂഹത്തിന് അടിത്തറ പാകും. അതുകൊണ്ടാണ് ഞങ്ങൾ അതിന് പ്രാധാന്യം കൊടുക്കുന്നത്. പാര്‍ട്ടിയില്‍ ചേര്‍ന്ന എല്ലാവരും ഉടന്‍ തന്നെ പാര്‍ട്ടിയുടെ പൊതുബോധത്തിലേക്ക് എത്തണമെന്നില്ല. പാര്‍ട്ടി വിദ്യാഭ്യാസത്തിലൂടെയാണ് അത് നേടുക. സംസ്ഥാന കമ്മിറ്റി മുതൽ പ്രാദേശിക സമിതി വരെ ഉള്ളവർക്ക് പാർട്ടി വിദ്യാഭ്യാസം നൽകും. മുഴുവൻ പാർട്ടി അംഗങ്ങളേയും ലക്ഷ്യമാക്കിക്കൊണ്ടുള്ള വിദ്യാഭ്യാസവും പുനർവിന്യാസവുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ജയശങ്കറിന്റെ കുറിപ്പിന്റെ പൂർണരൂപം:

2006ൽ നമ്മുടെ രണ്ടു സഖാക്കൾ ദൈവനാമത്തിൽ സത്യവാചകം ചൊല്ലി എംഎൽഎമാരായി- ഐഷാ പോറ്റിയും മോനായിയും.

ഇത്തവണ മൂന്നു സഖാക്കൾ അതേ കന്നംതിരിവു കാണിച്ചു- വീണാ ജോർജ്, ദലീമ, ആൻ്റണി ജോൺ.

2006 അല്ല 2021. കാലം മാറി, കഥ മാറി. പാർട്ടിക്ക് ഇപ്പോഴും ദൈവത്തെ വിശ്വാസമില്ല; പക്ഷെ ദൈവത്തിനു നമ്മുടെ പാർട്ടിയെ നല്ല വിശ്വാസമാണ്. അതുകൊണ്ട് ദൈവനാമം നമുക്ക് നിഷിദ്ധമല്ല. ദൈവ തിരുനാമത്താൽ നമ്മുടെ പാർട്ടിയെ ധന്യമാക്കിയ മൂന്നു മെമ്പർമാർക്കും ശിക്ഷയില്ല, അഭിനന്ദനങ്ങൾ!