നിയമസഭയില്‍ ഇന്നും വാക്‌പോര്, സഭാനടപടികളോട് സഹകരിക്കാതെ പ്രതിപക്ഷം ഇറങ്ങിപ്പോയി; പ്രതിപക്ഷ പ്രതിഷേധത്തെ ‘കോപ്രായങ്ങളാക്കി’ ചിത്രീകരിച്ച് ഭരണപക്ഷം
നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഇന്നും വാക്പോര്. സഭാ നടപടികളോട് സഹകരിക്കാതെ പ്രതിപക്ഷം ഇറങ്ങിപ്പോയി. കഴിഞ്ഞ ദിവസം നടന്ന നാടകീയ സംഭവങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇന്നും സഭയില്‍ അരങ്ങേറിയത്. പ്രതിപക്ഷ പ്രതിഷേധത്തെ ഇന്നലെ കോപ്രായങ്ങളെന്ന് വിളിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ഏറ്റെടുത്ത് സിപിഎം മന്ത്രിമാരടക്കം കടുത്ത വിമര്‍ശനം ഉന്നയിച്ചു. സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് മന്ത്രിമാരും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രതിപക്ഷാംഗങ്ങള്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ വടികൊണ്ട് അടിച്ചു എന്ന മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശം തെറ്റാണെന്നും അത് പിന്‍വലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രിയുടെ ആരോപണത്തെ സ്പീക്കര്‍ ശരിവെയ്ക്കുകയാണ് ചെയ്തത്. വാച്ച് ആന്‍ഡ് വാര്‍ഡിനെ ഒരു അംഗം അടിച്ചുവെന്നും അദ്ദേഹത്തിന് മോശമാകുന്നത് കൊണ്ടാണ് പേര് പറയാത്തതെന്നും സ്പീക്കര്‍ എ എന്‍.ഷംസീര്‍ പറഞ്ഞു.
സഭയില്‍ തങ്ങള്‍ യാതൊരുവിധ കോപ്രായങ്ങളും നടത്തിയിട്ടില്ലെന്നും ബാനറുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നത് നിയമസഭയില്‍ ആദ്യമായല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തിരിച്ചടിച്ചു. ഇന്നലെ ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിയമസഭയില്‍ ഉണ്ടായ പ്രതിപക്ഷ പ്രതിഷേധങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് നിയമസഭയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത കോപ്രായങ്ങളാണ് അരങ്ങേറിയതെന്നാണ്. നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും പ്രതിഷേധ ബാനര്‍ പിടിച്ചതിന്റെ ഭാഗത്ത്, അങ്ങേയറ്റത്തുള്ള ആള്‍ ബാനറിന്റെ വടി കൊണ്ട് വാച്ച് ആന്റ് വാര്‍ഡിനെ തല്ലിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനെയാണ് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചത്.
തന്നെ പ്രതിപക്ഷം അന്ധനെപ്പോലെയാക്കിയെന്ന് സ്പീക്കറുടെ വാദത്തെ മന്ത്രി എം ബി രാജേഷ് പിന്തുണച്ചു. കഴിഞ്ഞ കുറേ ദിവസമായി സ്പീക്കറെ അന്ധനാക്കുകയാണെന്നും സ്പീക്കറുടെ ഡയസിലേക്ക് ചാടി കയറിയ അംഗം ഹൈജംപിന് പോയി പരിശീലിച്ചിരുന്നെങ്കില്‍ നാടിന് വല്ല ഗുണവും ഉണ്ടാകുമായിരുന്നുവെന്നും എം.ബി.രാജേഷ് പറഞ്ഞു. ഗാന്ധാരിയെ പോലെ സ്വയം കണ്ണുകെട്ടുന്നു. പ്രതിപക്ഷ നേതാവ് ഇരട്ടത്താപ്പിന്റെ നേതാവ് കൂടിയായി മാറിയെന്നും എംബി രാജേഷ് കൂട്ടിച്ചേര്‍ത്തു.
Read more
വാക് പോരിനിടെ മൂന്നാമതും പിണറായി സര്‍ക്കാര്‍ വരുമെന്ന് പറഞ്ഞ വി ശിവന്‍കുട്ടി വിരട്ടലൊന്നും തങ്ങളോട് വേണ്ടെന്നും പിണറായി സ്റ്റൈലില്‍ പറയാന്‍ മടിച്ചില്ല. ‘ആവശ്യമില്ലാതെ വിരട്ടല്‍ വേണ്ട, ഞങ്ങള്‍ ചില കാര്യങ്ങള്‍കൂടി ഇവിടെ പറഞ്ഞാല്‍ പലരും മുണ്ട് തലയിലിട്ട് ഇവിടെനിന്ന് പോകേണ്ടി വരുമെന്നും അതില്‍ സംശയംവേണ്ടെന്നുമാണ് ശിവന്‍കുട്ടി പറഞ്ഞത്.







