കനത്ത പ്രതിഷേധങ്ങള്‍ക്കിടെ രാധയുടെ വീട് സന്ദര്‍ശിച്ച് മന്ത്രി മടങ്ങി

കനത്ത പ്രതിഷേധങ്ങള്‍ക്കിടെ വയനാട്ടില്‍ നരഭോജി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിച്ച് വനംമന്ത്രി എകെ ശശീന്ദ്രന്‍. മന്ത്രി രാധയുടെ വീട്ടിലേക്ക് എത്തുന്ന റോഡില്‍ പ്രദേശവാസികള്‍ കുത്തിയിരുന്നും റോഡില്‍ കിടന്നും പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ വാഹന വ്യൂഹം വഴിയിലായി.

പഞ്ചാര കൊല്ലിക്ക് മുന്‍പുള്ള പിലാക്കാവിലാണ് പ്രതിഷേധം നടന്നത്. ഇതേ തുടര്‍ന്ന് മന്ത്രിക്ക് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാതെയായി. മന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധവും നടന്നു. തുടര്‍ന്ന് രാധയുടെ വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് മടങ്ങി.

അതേസമയം കടുവയെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. തുടരെയുള്ള ആക്രമണങ്ങളില്‍ മനുഷ്യ ജീവനുകള്‍ നഷ്ടമായ സാഹചര്യത്തില്‍ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ഉത്തരവ്.

നിര്‍ണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കടുവ ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് നിര്‍ണായക തീരുമാനം. അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

ജീവന് ഭീഷണിയായി മാറിയ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്നും നിയമ തടസമുണ്ടാകില്ലെന്നും എകെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കടിച്ചുകൊന്ന കടുവ തന്നെയാണ് ഇന്ന് തെരച്ചിലിനിടെ ആര്‍ആര്‍ടി ഉദ്യോഗസ്ഥനായ ജയസൂര്യയെയും ആക്രമിച്ചത്.

ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഉന്നത തല യോഗത്തില്‍ പങ്കെടുത്തു. അഡ്വക്കറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് നിയമോപദേശം തേടിയശേഷമാണ് തീരുമാനം. മുഖ്യമന്ത്രിയും തീരുമാനത്തെ പിന്തുണച്ചു.