മാള്‍ അടയ്ക്കും; പണിമുടക്കിന് എതിരല്ലെന്ന് ലുലു മാനേജ്‌മെന്റ്

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം തിരുവനന്തപുരം ലുലു മാളിന് മുന്നില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസറ്റ് ചെയ്ത് നീക്കി. പണിമുടക്കിന് എതിരല്ലെന്നും മാള്‍ ഇന്ന് തുറന്ന പ്രവര്‍ത്തിക്കില്ലെന്നും ലുലു മാനേജ്‌മെന്റ് അറിയിച്ചു.

ഇന്ന് രാവിലെ മാളില്‍ എത്തിയ ജീവനക്കാരെ സമരക്കാര്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞുവച്ചിരുന്നു. മാള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് സമരക്കാര്‍ പറഞ്ഞു. മാള്‍ തുറന്ന് പ്രവര്‍ത്തിച്ചേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സമരാനുകൂലികള്‍ പ്രതിഷേധവുമായി എത്തിയത്.

ജോലിക്ക് എത്തണമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാള്‍ ജീവനക്കാര്‍ ഇന്ന് എത്തിയത്. എന്നാല്‍ ജീവനക്കാര്‍ ജോലിക്ക് കയറരുതെന്ന് യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ഗേറ്റിന് പുറത്ത് നില്‍ക്കുന്ന ജീവനക്കാരെ എത്രയും പെട്ടെന്ന് ഒഴിവാക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ജീവനക്കാരോട് തിരികെ പോകാന്‍ പൊലീസ് അറിയിച്ചിരുന്നു.

മാള്‍ തുറക്കുന്നത് സംബന്ധിച്ച് മാനേജ്‌മെന്റ് പ്രതിനിധികളും യൂണിയന്‍ പ്രതിനിധികളും തമ്മില്‍ വാക്കുതര്‍ക്കത്തമുണ്ടായി. ജീവനക്കാര്‍ മടങ്ങിപ്പോകാതെ മാറില്ലെന്നാണ് യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞത്.

ഗേറ്റിന് പുറത്ത് സമരക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിന് പിന്നാലെയാണ് പത്തോളം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ദ്വിദിന പണിമുടക്കിലെ ഇളവുകള്‍ നല്‍കിയ കൂട്ടത്തില്‍ ലുലുമാള്‍ ഉള്‍പ്പെട്ടത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.