നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ് സീറ്റ് അധികം ആവശ്യപ്പെട്ട് ലീഗ്; വിശദമായി ചര്‍ച്ച ചെയ്യുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ് സീറ്റ് അധികം ആവശ്യപ്പെട്ട് ലീഗ്. യു.ഡി.എഫ് കണ്‍വീനറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാര്‍ട്ടി നിലപാട് അറിയിച്ചത്. എം. എം ഹസൻ പാണക്കാട് എത്തിയപ്പോഴാണ് ലീഗ് ഔദ്യോഗികമായി ആവശ്യം ഉന്നയിച്ചത്. യു.ഡി.എഫ് കൺവീനറായി ചുമതല ഏറ്റെടുത്തതിന് ശേഷം പാണക്കാട് എത്തിയതായിരുന്നു എം.എം ഹസൻ.

മലബാറില്‍ മൂന്ന് സീറ്റും മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമായി മറ്റ് മൂന്ന് സീറ്റുകളുമാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ അറിയിച്ചു.

കരുനാഗപ്പള്ളി, അമ്പലപ്പുഴ, പൂഞ്ഞാർ, പേരാമ്പ്ര, കൂത്തുപറമ്പ് അല്ലെങ്കിൽ തളിപ്പറമ്പ്, പട്ടാമ്പി അല്ലെങ്കിൽ ഒറ്റപ്പാലം സീറ്റുകൾ നൽകണമെന്നാണ് ലീഗിന്‍റെ ആവശ്യം. 23 ന് നടക്കുന്ന യു.ഡി.എഫ് യോഗത്തിന് ശേഷം സീറ്റുകള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങും.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ മൂന്ന് സീറ്റാണ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടത്. വയനാടോ വടകരയോ വേണമെന്നായിരുന്നു ലീഗിന്റെ ആവശ്യം. പക്ഷേ, നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കാര്യം അവഗണിക്കപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നല്‍കാമെന്ന ധാരണ അന്നുണ്ടാക്കിയെന്നും മുസ്ലിം ലീഗിന്റെ ചില നേതാക്കള്‍ പറയുന്നു.