'കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നത് ദൂരദര്‍ശനോ, അതോ സംഘം ദര്‍ശനനോ; സിനിമ കേരളത്തിനെതിരെയുള്ള നീക്കമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

വിവാദമായ ‘കേരള സ്‌റ്റോറി’ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്ന ദൂരദര്‍ശനെതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ദൂരദര്‍ശന്‍ ദൂരദര്‍ശനാണോ സംഘം ദര്‍ശനാണോ എന്ന് സംശയം തോന്നുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് അദേഹം പറഞ്ഞു.
ദൂരദര്‍ശന്‍ ഒരു പൊതുമേഖല സ്ഥാപനമാണ്. ഒരു പൊതുമേഖല സ്ഥാപനം ഒരു രാജ്യത്തെ സംസ്ഥാനത്തെ ജനങ്ങളെയാകെ മോശമാക്കുകയാണെന്നും അദേഹം പറഞ്ഞു.

കേരളത്തില്‍ ആകെ തീവ്രവാദമാണ്. കമ്യൂണിസ്റ്റുകളെ ആകെ മോശമാക്കുന്നു. മതന്യൂനപക്ഷങ്ങളെ ആകെ കരിവാരിത്തേക്കുന്ന നിലപാട് സ്വീകരിക്കുന്നു. കേരളത്തെയാകെ കുഴപ്പം പിടിച്ച സ്ഥലം എന്ന് ചിത്രീകരിക്കുന്നു. ഇങ്ങനെയുള്ള ഒരു സിനിമ , ഇത്രയും വിവാദമായ ഒരു കലാവിഷ്‌കാരം ഒരു പൊതുമേഖല സ്ഥാപനം പ്രദര്‍ശിപ്പുക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെയെന്നും മന്ത്രി ചോദിച്ചു. ഇത് സംസ്ഥാനത്തിനെതിരെയുള്ള നീക്കമാണ്. സംസ്ഥാനം ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും റിയാസ് പറഞ്ഞു.

കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിര്‍മ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദര്‍ശിപ്പിക്കുമെന്ന തീരുമാനം ദൂരദര്‍ശന്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം. പരസ്പര സാഹോദര്യത്തില്‍ വിവിധ മതവിഭാഗത്തില്‍പ്പെട്ടവര്‍ ഒരുമയോടെ ജീവിക്കുന്ന പ്രദേശമാണ് കേരളം.

ലോകത്തിനു മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കേരളത്തെ അപഹസിക്കാനും മതസ്പര്‍ദ്ധ വളര്‍ത്തുവാനും ലക്ഷ്യമിട്ട് സംഘപരിവാര്‍ തലച്ചോറില്‍ ഉടലെടുത്ത കുടിലതയുടെ ഉല്‍പ്പന്നമാണ് ഈ സിനിമ . അതി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായ,നീതി ആയോഗിന്റെ അടക്കമുള്ള വിവിധ സൂചികളില്‍ മുന്‍പന്തിയില്‍ ഉള്ള കേരളത്തെ സോമാലിയ എന്ന് വിളിച്ച് ആക്ഷേപിച്ചവര്‍ ഇപ്പോള്‍ മതം മാറ്റത്തിന്റെ കേന്ദ്രം എന്ന് പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നത്.

സംഘപരിവാര്‍ സ്ഥിരമായി പ്രചരിപ്പിക്കുന്ന നുണകളും അപര വിദ്വേഷവും അടിസ്ഥാനമാക്കിയ സിനിമക്കെതിരെ വ്യാപകമായ പ്രതിഷേധം നേരത്തെ തന്നെ ഉയര്‍ന്നുവന്നതാണ്. സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന കളിപ്പാവയായി ദൂരദര്‍ശനെ പോലെയുള്ള പൊതുമേഖലാ സ്ഥാപനം മാറരുത്.

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി വര്‍ഗീയ പ്രചാരണം നടത്താനുള്ള ഏജന്‍സി അല്ല ദൂരദര്‍ശന്‍. ഏപ്രില്‍ 5 ന് ഈ സിനിമ സംപ്രേക്ഷണം ചെയ്യുമെന്ന അറിയിപ്പ് കേരളത്തെയാകെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. വര്‍ഗീയ ധ്രുവീകരണത്തിനായി നടത്തുന്ന ഇത്തരം വിധ്വംസക നീക്കങ്ങളെ മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും പിണറായി പറഞ്ഞു.