മകനെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ പിതാവ് മരിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

ആലുവയില്‍ മകനെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ പിതാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ആലങ്ങാട് സ്വദേശികളായ നിധിന്‍, തൗഫീഖ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ആലങ്ങാട് സ്വദേശി വിമല്‍ കുമാറാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. മകനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഇരുവരും അച്ഛന്‍ വിമല്‍ കുമാറിനെ മര്‍ദ്ദിച്ചത്.

കൊലക്കുറ്റം, തടഞ്ഞ് വച്ച് ആക്രമിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. മകനെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെയാണ് അക്രമി സംഘം വിമല്‍ കുമാറിനെ മര്‍ദ്ദിച്ചത്. ലഹരി മാഫിയയാണ് ഇയാളെ മര്‍ദ്ദിച്ചത് എന്നാണ് ആരോപണം. ഇരുവരും മദ്യ ലഹരിയിലായിരുന്നു എന്നും ആരോപണമുണ്ട്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിമല്‍ കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മര്‍ദ്ദിച്ചവരെ അറിയാമെന്നും അവര്‍ ലഹരി ഉപയോഗിച്ചിരുന്നെന്നുമാണ് വിമല്‍ കുമാറിന്റെ കുടുംബം ആരോപിക്കുന്നത്. പ്രദേശത്ത് ലഹരി മാഫിയ സജീവമാണെന്ന് നാട്ടുകാരും പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തിലൂടെ മരണം കാരണം ഉറപ്പിച്ച ശേഷമാക്കും പൊലീസിന്റെ തുടര്‍ നടപടികള്‍. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചു.