അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവം; അടിയന്തര റിപ്പോര്‍ട്ട് തേടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി

കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം. സംഭവത്തെ കുറിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന്‍ വിദ്യാഭ്യാസ അഡീഷനല്‍ സെക്രട്ടറിയോട് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കേന്ദ്രത്തിന് കത്തയക്കുകയും കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. പ്രശ്‌നം രാജ്യസഭയില്‍ ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് അംഗം ജെബി മേത്തറും അറിയിച്ചു.

അതേസമയം സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കോളജില്‍ എത്തി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. മുന്‍ പരിചയമില്ലാത്തവരാണ് കുട്ടികളെ പരിശോധിച്ചതെന്ന് പൊലീസ് പറയുന്നു. പത്ത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. തിരുവനന്തപുരത്തെ സ്റ്റാര്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിനാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പരിശോധന ചുമതല നല്‍കിയത്.

എന്നാല്‍ ഈ സ്ഥാപനം ചുമതല കരുനാഗപ്പള്ളി സ്വദേശിക്ക് കൈമാറി. ഇദ്ദേഹം സുഹൃത്തിനും ചുമതല ഏല്‍പ്പിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞു കോളേജില്‍ വച്ചു അടിവസ്ത്രം ഇടേണ്ടെന്ന് അധികൃതര്‍ പറഞ്ഞു എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയിരിക്കുന്നത്.

എന്നാല്‍ സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് നാഷണല്‍ ടെസ്റ്റിംഗം ഏജന്‍സി(എന്‍ടിഎ) പറയുന്നു. പരീക്ഷ നടക്കുന്ന സമയത്തോ അതിന് ശേഷമോ പരാതി ലഭിച്ചിട്ടില്ല. ഇത്തരം നടപടികള്‍ അനുവദനീയമല്ലെന്നും ഏജന്‍സി അറിയിച്ചു. അന്വേഷണം നടത്തുമെന്നും നാഷണല്‍ ടെസ്റ്റിംഗം ഏജന്‍സിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍ ജെ ബാബു വ്യക്തമാക്കി.