നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; പരീക്ഷയ്ക്ക് മുമ്പോ ശേഷമോ പരാതി ലഭിച്ചിട്ടില്ലെന്ന് എന്‍.ടി.എ

കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് നാഷണല്‍ ടെസ്റ്റിംഗം ഏജന്‍സി(എന്‍ടിഎ). പരീക്ഷ നടക്കുന്ന സമയത്തോ അതിന് ശേഷമോ പരാതി ലഭിച്ചിട്ടില്ലെന്നാണ് ഏജന്‍സി അധികൃതരുടെ വിശദീകരണം. ഇത്തരം നടപടികള്‍ അനുവദനീയമല്ലെന്നും ഏജന്‍സി അറിയിച്ചു.

സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും നാഷണല്‍ ടെസ്റ്റിംഗം ഏജന്‍സിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍ ജെ ബാബു വ്യക്തമാക്കി. അതേസമയം, ആയൂരിലെ പരീക്ഷ കേന്ദ്രത്തിനെതിരെ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.

പരീക്ഷ കേന്ദ്രത്തില്‍ മോശം അനുഭവമാണ് ഉണ്ടായതെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞ് കോളേജില്‍ വച്ച് അടിവസ്ത്രം ഇടാന്‍ അനുവദിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജിയില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്.