മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവം ; സുരേഷ് ഗോപി നാളെ പൊലീസിനു മുൻപിൽ ഹാജരാകും

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നാളെ പൊലീസിനു മുൻപിൽ ഹാജരാകും. നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് ഹാജരാകുക. നവംബർ പതിനെട്ടിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തെ നടക്കാവ് പൊലീസ് നോട്ടീസ് അയച്ചിരുന്നു

കഴിഞ്ഞ മാസം 27ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോഴിക്കോട് കെപിഎം ട്രൈസെന്‍ഡ ഹോട്ടലിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴായിരുന്നു സുരേഷ്‌ഗോപി മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ അനുവാദമില്ലാതെ നടന്‍ കൈവയ്ക്കുകയായിരുന്നു.

ആദ്യ തവണ സുരേഷ് ഗോപി സ്പര്‍ശിക്കുമ്പോള്‍ തന്നെ മാധ്യമ പ്രവര്‍ത്തക ഒഴിഞ്ഞുമാറിയിരുന്നു. എന്നാല്‍ വീണ്ടും ചോദ്യം ഉന്നയിച്ചതോടെ സുരേഷ്‌ഗോപി രണ്ടാമതും തോളില്‍ കൈവയ്ക്കാന്‍ ശ്രമിച്ചതോടെ അവർ കൈ തട്ടി മാറ്റുകയായിരുന്നു. സംഭവം വിവാദമായതോടെ മാധ്യമ പ്രവര്‍ത്തകയോട് സുരേഷ്‌ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

Read more

അതേ സമയം സുരേഷ്‌ഗോപി സ്ത്രീത്വത്തെ അപമാനിച്ചതായും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നും ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തക സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. നടക്കാവ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവമായതിനാല്‍ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു.