കോടതി ഉത്തരവുമായെത്തിയ അഭിഭാഷകനെ അപമാനിച്ച സംഭവം; ഹൈക്കോടതിയോട് മാപ്പ് പറഞ്ഞ് എസ്‌ഐ

ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഹൈക്കോടതിയോട് മാപ്പ് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന്‍. ആലത്തൂര്‍ പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐ വിആര്‍ റിനീഷാണ് കഴിഞ്ഞ ദിവസം ഹൈകേകടോതിയില്‍ നിരുപാധികം മാപ്പപേക്ഷ നല്‍കിയത്.

ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ മുന്‍പാകെ നല്‍കിയ മാപ്പപേക്ഷ കോടതി അംഗീകരിച്ചു. നേരത്തെ കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ താന്‍ കോടതിയലക്ഷ്യം നടത്തിയിട്ടില്ലെന്നായിരുന്നു റിനീഷിന്റെ വാദം. എന്നാല്‍ നടന്ന സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും റിനീഷ് കോടതിയെ അറിയിച്ചിരുന്നു.

എസ്‌ഐയുടെ നിലപാടിനെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എസ്‌ഐ തന്റെ നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് പുതിയ സ്ത്യവാങ്മൂലം സമര്‍പ്പിച്ചത്. എന്നാല്‍ എസ്‌ഐയ്‌ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയെ കുറിച്ച് അറിയിക്കാന്‍ കോടതി ഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ വാഹനം വിട്ടുനല്‍കാനുള്ള കോടതി ഉത്തരവുമായി സ്‌റ്റേഷനിലെത്തിയ അഭിഭാഷകന്‍ അക്വിബ് സുഹൈലിനെ എസ്‌ഐ അപമാനിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ ഇടപെടല്‍.