തോക്ക് വ്യാജം, എട്ട് വര്‍ഷം മുമ്പ് കൊല്ലന്‍ നിര്‍മ്മിച്ചത്, ഒരേ സമയം രണ്ട് തിര നിറയ്ക്കാം

ഇടുക്കി മൂലമറ്റത്ത് നാട്ടുകാര്‍ക്ക് നേരെ വെടിവച്ച പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍(26) ഉപയോഗിച്ച തോക്ക് കൊല്ലന്‍ നിര്‍മ്മിച്ച് നല്‍കിയത്. എടാട്ട് സ്വദേശിയായ കൊല്ലന്‍ 2014ലാണ് വ്യാജ തോക്ക് നിര്‍മ്മിച്ച് നല്‍കിയത്. ഒരേ സമയം രണ്ട് തിര നിറയ്ക്കാന്‍ കഴിയും. ഫിലിപ്പിനെ പിടികൂടിയ സമയത്ത് തോക്കിലും കൈയിലും രണ്ട് തിര വീതം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെയാണ് മൂലമറ്റത്ത് ഹൈസ്‌കൂളിന് മുന്നില്‍ വച്ച് രാത്രി പത്തരയോടെ നാട്ടുകാര്‍ക്ക് നേരെ യുവാവിന്റെ ആക്രമണം നടന്നത്. വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബസ് ജീവനക്കാരനായ മൂലമറ്റം കീരിത്തോട് സ്വദേശി സനല്‍ സാബു(32)വാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സനലിന്റെ സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപ് കോലഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ഫിലിപ്പ് മാര്‍ട്ടിന്‍ ഭക്ഷണത്തെ ചൊല്ലി ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലായി. തര്‍ക്കത്തെ തുടര്‍ന്ന് നാട്ടുകാര്‍ കൂടി ഇയാളെ കാറില്‍ കയറ്റി തിരികെ അയക്കുകയായിരുന്നു.

Read more

പ്രതി പിന്നീട് വീട്ടില്‍ പോയി തിരികെ തോക്കുമായി വന്ന് കാറില്‍ ഇരുന്ന് തന്നെ തട്ടുകടയിലേക്ക് അഞ്ച് റൗണ്ട് വെടിയുതിര്‍ത്തു. ഹൈസ്‌കൂള്‍ ജംഗ്ഷന് സമീപത്ത് വച്ച്് ഇരുചക്ര യാത്രക്കാരായ സനലിനെയും,പ്രദീപിനെയും ഇടിച്ചിട്ട ശേഷം വെടി വയ്ക്കുകയായിരുന്നു. ബസ് ജീവനക്കാരായ ഇവര്‍ ജോലി കഴിഞ്ഞ് തിരികെ പോകുന്ന വഴിയാണ് വെടിയേറ്റത്. ആക്രമണത്തിന് ശേഷം കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ മുട്ടത്ത് വച്ചാണ് പൊലീസ് പിടികൂടിയത്.