ആർഎസ്എസ് അനുകൂല ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ജ്ഞാന സഭയിൽ വൈസ് ചാൻസിലർമാരെ ഗവർണർ ഭീഷണിപ്പെടുത്തിയാണ് പങ്കെടുപ്പിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഗവർണർ രാജേന്ദ്ര ആർലേക്കർ ആർഎസ്എസിൻ്റെ പ്രവാചകനും പ്രചാരകനുമായി ഗവർണർ മാറിയെന്നും ശിവൻകുട്ടി വിമർശിച്ചു.
ആർഎസ്എസിൻ്റെ തത്വങ്ങൾ കുട്ടികളെ പഠിപ്പിക്കണം എന്ന നിലയിലാണ് ആർഎസ്എസ് തലവൻ്റെ പ്രസംഗമുണ്ടായത്. ഇത് ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും മതേതരത്വത്തിന് യോജിക്കാൻ കഴിയാത്തതാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ഇങ്ങനെയൊരു യോഗം നടത്താൻ ധൈര്യമുണ്ടായത് ഗവർണറുടെ ബലത്തിലാണ്. വിഷയത്തിൽ വലിയ പ്രതിഷേധം ആവശ്യമാണ്. ഗവർണർ ബുദ്ധിപൂർവ്വം കാര്യങ്ങൾ നീക്കിക്കൊണ്ടിരിക്കുന്നു. ആർഎസ്എസിന്റെ പ്രവാചകനും പ്രചാരകനുമായി ഗവർണർ മാറിയെന്നും ശിവൻകുട്ടി വിമർശിച്ചു.
കേരള സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മേൽ, കാലിക്കറ്റ് സർവകലാശാല വിസി ഡോ. പി രവീന്ദ്രൻ, കണ്ണൂർ സർവകലാശാല വിസി ഡോ. കെകെ സജു, ഫിഷറീസ് സർവകലാശാല വിസി ഡോ. എ ബിജുകുമാർ എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്. ഇതിൽ ബിജുകുമാർ സർക്കാർ നോമിനിയാണ്. സിപിഎം സംഘടനയായ ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്‌സ് അസോസിയേഷൻ (ഫുട്ട) അംഗമാണ് ബിജുകുമാർ.
Read more
പരിപാടിയിൽ പങ്കെടുത്ത കുഫോസ് വിസി ഡോ. എ ബിജുകുമാറിനെ രൂക്ഷമായ ഭാഷയിലാണ് മന്ത്രി വിമർശിച്ചത്. ആർഎസ്എസിൻ്റെ പരിപാടിയിൽ പങ്കെടുത്ത ആളെയൊന്നും സ്ഥാനത്ത് ഇരുത്തേണ്ടതില്ലെന്നും മന്ത്രി പ്രതികരിച്ചു. സർക്കാർ പ്രതിനിധി, സർക്കാർ പറഞ്ഞിട്ടാണോ പോയത്? സർക്കാരിന്റെ അനുവാദമില്ലാതെ പോയാൽ സ്ഥാനത്തുനിന്ന് അയാളെ മാറ്റണം. ഇത് വ്യക്തിപരമായ അഭിപ്രായമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർവകലാശാലകളിലെ സിപിഎം സംഘടനയായ ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്‌സ് അസോസിയേഷൻ (ഫുട്ട) അംഗമാണ് ബിജുകുമാർ.







