കടുപ്പിച്ച് ഗവര്‍ണര്‍; നിയമനം ലഭിച്ചത് മുതലുള്ള വി.സിമാരുടെ ശമ്പളം തിരികെ പിടിക്കും

എട്ട് വിസിമാരുടെ ശമ്പളം തിരിച്ചുപിടിക്കുന്നതില്‍ രാജ് ഭവന്‍ നിയമോപദേശം തേടി. . നിയമനം ലഭിച്ചത് മുതല്‍ ഇതുവരെയുള്ള ശമ്പളമാണ് തിരികെ പിടിക്കുക. തലസ്ഥാനത്ത് നിന്ന് മടങ്ങിയെത്തിയാലുടന്‍ തന്നെ ഇക്കാര്യത്തില്‍ ഉത്തരവിറക്കുമെന്നാണ് സൂചന.

അതേസമയം, കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ച വൈസ് ചാന്‍സലര്‍മാരില്‍ ആര്‍ക്കെങ്കിലും തന്നെ നേരിട്ടുകണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ താല്‍പര്യമുണ്ടെങ്കില്‍ ഏഴിനു മുന്‍പ് അറിയിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിസി നിയമനം റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ രേഖാമൂലം അറിയിക്കണം എന്നാണ് ഗവര്‍ണര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നത്. ഇതിനു പുറമേയാണ് ഹിയറിങ് ആവശ്യമുള്ളവര്‍ അറിയിക്കണമെന്ന് വിസിമാരോട് രേഖാമൂലം ആവശ്യപ്പെട്ടത്.

സാങ്കേതിക സര്‍വകലാശാലാ വിസി ഡോ. എം.എസ്.രാജശ്രീയെ സുപ്രീം കോടതി അയോഗ്യ ആക്കിയ സാഹചര്യത്തില്‍ അവര്‍ക്ക് രാജ്ഭവന്‍ ആദ്യം അയച്ച കാരണംകാണിക്കല്‍ നോട്ടിസ് പിന്‍വലിച്ചു. സുപ്രീം കോടതി പുറത്താക്കിയ വിസിക്ക് ഗവര്‍ണര്‍ നോട്ടിസ് നല്‍കുന്നത് അവര്‍ക്ക് നിയമപരമായി അനുകൂലമാകും എന്നതിനാലാണ് ഇതു പിന്‍വലിച്ചത്. ഹിയറിങ് വേണമെങ്കില്‍ അറിയിക്കണം എന്ന കത്തും രാജശ്രീക്ക് അയച്ചിട്ടില്ല.

ഉന്നത ഭരണ നേതൃത്വത്തിന്റെ നിര്‍ദേശത്തിനു കാത്തിരിക്കുന്ന വിസിമാര്‍ ഇതുവരെ ഗവര്‍ണറുടെ നോട്ടിസിനു മറുപടി നല്‍കിയിട്ടില്ല.