വിമാനത്തിന്റെ ചിറക് ഇടിച്ച് കെ.എസ്.ആര്‍.ടി.സി ബസ് തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്; ഡ്രൈവര്‍ ഇറങ്ങിയോടി

വിമാനത്തിന്റെ ചിറക് ഇടിച്ച് കെ.എസ്.ആര്‍.ടി.സി ബസ് തകര്‍ന്നു, നിരവധി പേര്‍ക്ക് പരുക്ക്. തിരുവന്തപുരം ബാലരാമപുരം ജംഗ്ഷനു സമീപം ട്രെയിലര്‍ ലോറിയില്‍ കൊണ്ടു പോകുകയായിരുന്ന വിമാനച്ചിറക്ക് ഇടിച്ചാണ് ബസ് തകര്‍ന്നത്. ഇന്നു പുലര്‍ച്ചെ 1.30നാണ് അപകടം ഉണ്ടായത്. കെ.എസ്.ആര്‍.ടി.സി ബസിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു.

വിമനത്തിന്റെ ചിറക് ഇടിച്ചുകയറി ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചിലേറെ യാത്രക്കാരെ പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗത കുരുക്കുണ്ടായി. ട്രെയിലര്‍ വിമാനത്തിന്റെ ചിറകുകളും യന്ത്രഭാഗങ്ങളുമായി ഹൈദരാബാദിലേക്ക് പോകുകയായിരുന്നു. തിരുവനന്തപുരം ഭാഗത്തേക്ക് വരുകെയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.

30 വര്‍ഷം ആകാശത്ത് അനേകരുടെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കിയ എയര്‍ബസ് എ320 റസ്‌റ്റോറന്റായി പുനര്‍നിര്‍മ്മിക്കാനാണ് ഹൈദരാബാദിലേക്ക് കൊണ്ടുപോകുന്നത്. മൂന്നു വര്‍ഷം മുമ്പായിരുന്നു ഇതിന്റെ അവസാന പറക്കല്‍- ന്യൂഡല്‍ഹിയില്‍ നിന്നും 186-ലധികം യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക്. അതിനുശേഷം ചാക്കയിലെ ഹാങ്കര്‍ യൂണിറ്റിന്റെ ഒഴിഞ്ഞ കോണില്‍ കിടന്നിരുന്ന വിമാനം ഇവിടത്തെ എന്‍ജിനിയറിങ് വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ പഠനത്തിനായിട്ടാണ് ഉപയോഗിച്ചിരുന്നത്. കാലാവധി കഴിഞ്ഞതോടെ ഇനി വിമാനം ഉപയോഗിക്കാനാവില്ലെന്ന് വ്യക്തമായതോടെ വില്‍ക്കുകയായിരുന്നു.

തിരുവനന്തപുരം-മുംബൈ-ഡല്‍ഹി റൂട്ടിലും ഗള്‍ഫ് രാജ്യങ്ങളിലും തുടര്‍ സര്‍വീസ് നടത്തിയിരുന്നതാണ് എയര്‍ ഇന്ത്യയുടെ ഈ വിമാനം. വി.ടി.ഇ.എസ്.ഇ. എന്ന രജിസ്ട്രേഷന്‍ നമ്പറിലായിരുന്നു വിമാനം പറന്നിരുന്നത്. ഫ്രാന്‍സിലാണ് വിമാനം നിര്‍മിച്ചത്. സര്‍വീസ് കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് വിമാനം ആക്രിവിലയ്ക് ഇപ്പോഴത്തെ എ.ഐ. എന്‍ജിനിയറിങ് ലിമിറ്റഡ് ലേലത്തില്‍ വിറ്റത്.

ലേലത്തിലൂടെ ഹൈദരാബാദ് സ്വദേശിയായ ജോഗിന്ദര്‍ സിങ് 75 ലക്ഷം രൂപക്കാണ് വിമാനം സ്വന്തമാക്കിയത്. തുടര്‍ന്ന് വിമാനം പൂര്‍ണമായും പൊളിക്കാനായി നാല് ഭാഗങ്ങളാക്കി ട്രെയിലറുകളില്‍ കൊണ്ടുപോകുമ്പോഴാണ് അപകടം. ട്രെയിലര്‍ ഡ്രൈവര്‍ അപകടത്തെ തുടര്‍ന്ന് വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടി. ഇതോടെ വാഹനം നീക്കാന്‍ കഴിയാതെ വന്നതാണ് വന്‍ഗതാഗതക്കുരുക്കിന് കാരണമായത്. തുടര്‍ന്ന് ബ്ലോക്കില്‍ അകപ്പെട്ട മറ്റൊരു ട്രെയിലറിന്റെ ഡ്രൈവറെത്തിയാണ് അപകടത്തില്‍പെട്ട ട്രെയിലര്‍ നീക്കിയത്.