സൗമ്യയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാൻ ആവശ്യമായ ഇടപെടൽ സർക്കാർ ചെയ്യുന്നുണ്ട്: എം.എം മണി

ഇസ്രായേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം എത്രയും വേഗം നാട്ടിൽ എത്തിക്കാൻ ആവശ്യമായ ഇടപെടൽ സംസ്ഥാന സർക്കാർ ചെയ്യുന്നുണ്ടെന്ന് മന്ത്രി എം എം മണി. സൗമ്യയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം നൽകേണ്ടത് ഇസ്രായേൽ സർക്കാർ ആണ്. അതുണ്ടായില്ലെങ്കിൽ വേണ്ട കാര്യങ്ങൾ സംസ്ഥാന സർക്കാർ ചെയ്യുമെന്നും എം.എം മണി പറഞ്ഞു. സൗമ്യയുടെ ഇടുക്കി കീരിത്തോട്ടെ വീട് ജില്ലാ കളക്ടർക്ക് ഒപ്പം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അതേസമയം സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഇന്ത്യൻ എംബസിയുടെ നടപടികൾ പൂർത്തിയായി. എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് എംബസി അറിയിച്ചു. മൃതദേഹം നിലവിൽ ടെൽ അവിവിലെ ഫോറൻസിക് ലാബ് ഇൻറ്റ്യൂട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്.