വയനാട് മാതൃക ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട താക്കോല്‍ദാനവും ഫെബ്രുവരി 25ന്; 178 വീടുകള്‍ കൈമാറും

മുണ്ടക്കൈ ചുരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ഒരുക്കുന്ന വയനാട് മാതൃകാ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായി. ബുധനാഴ്ച വൈകിട്ട് നാലിന് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള പട്ടയവിതരണവും നിര്‍വഹിക്കും. 410 വീടുകളുള്ള ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടത്തില്‍ 178 വീടുകളാണ് പൂര്‍ത്തിയായത്. നമ്മുടെ നാടിന്റെ അതിജീവനത്തിന്റെ മഹത്തായ പ്രഖ്യാപനം കൂടിയാണിതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്.

ഫെബ്രുവരി 25-ന് കേരളം പുതിയൊരു ചരിത്രം കുറിക്കുന്നു. മുണ്ടക്കൈ -ചൂരല്‍മല ദുരന്തബാധിതര്‍ക്കായി നിര്‍മ്മിച്ച കല്‍പ്പറ്റ ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം അന്ന് നടക്കുന്ന വിവരം സന്തോഷത്തോടെയും ചാരിതാര്‍ത്ഥ്യത്തോടെയും അറിയിക്കുന്നു. ഇത് ഒരു ഉദ്ഘാടനം മാത്രമല്ല, നമ്മുടെ നാടിന്റെ അതിജീവനത്തിന്റെ മഹത്തായ പ്രഖ്യാപനം കൂടിയാണ്. ഉരുള്‍പൊട്ടി വന്ന വിപത്തില്‍ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പാണ് പാലിക്കപ്പെടുന്നത്. ‘ കേരളം ഒറ്റക്കെട്ടായി നിന്നു ഈ നാടിനെ വീണ്ടെടുക്കും” എന്നാണ് അന്ന് നമ്മള്‍ തീരുമാനമെടുത്തത്. ആ വാക്കുകള്‍ യാഥാര്‍ത്ഥ്യമായി മാറിയിരിക്കുന്നു. വാഗ്ദാനങ്ങള്‍ നല്‍കാനല്ല, നടപ്പാക്കാനാണ് സര്‍ക്കാര്‍ എന്ന വിശ്വാസത്തിന് പത്തുവര്‍ഷത്തെ പ്രവര്‍ത്തനമുദ്ര ചാര്‍ത്തുന്ന നേട്ടമാണിത്.

ദുരന്തത്തില്‍ പൂര്‍ണമായും വീട് നഷ്ടമായ കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ വീടുകള്‍ നല്‍കുന്നത്. പ്രകൃതിദുരന്തങ്ങള്‍ അതിജീവിക്കാന്‍ സാധിക്കുംവിധം 1000 ചതുരശ്രയടിയില്‍ ഒറ്റനിലയില്‍ പണിത കെട്ടിടങ്ങള്‍ ഭാവിയില്‍ ഇരുനില നിര്‍മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവ വീടിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്ന 410 വീടുകളിലായി 1662-ലധികം ആളുകള്‍ക്കാണ് തണലൊരുങ്ങുന്നത്. വീടുകള്‍ക്ക് പുറമെ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയും ഇതിന്റെ ഭാഗമായുണ്ടാവും. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന-വാക്‌സിനേഷന്‍-ഒബ്‌സര്‍വേഷന്‍ മുറികള്‍, ഒപി, ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങളും സജീകരിക്കും. പൊതു മാര്‍ക്കറ്റില്‍ കടകള്‍, സ്റ്റാളുകള്‍, ഓപ്പണ്‍ മാര്‍ക്കറ്റ്, കുട്ടികള്‍ക്ക് കളി സ്ഥലം, പാര്‍ക്കിങ് എന്നിവ ഒരുക്കും. മര്‍ട്ടി പര്‍പ്പസ് ഹാള്‍, കളി സ്ഥലം, ലൈബ്രറി, സ്‌പോട്‌സ് ക്ലബ്ബ്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ കമ്മ്യൂണിറ്റി സെന്ററില്‍ നിര്‍മ്മിക്കും.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64.4705 ഹെക്ടര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. അതിജീവിതര്‍ക്ക് സുരക്ഷിത സ്ഥലം വാസയോഗ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു ഭൂമി ഏറ്റെടുക്കല്‍. ഭൂമി ഏറ്റെടുത്തതിന് തൊട്ടടുത്ത ദിവസം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2025 മാര്‍ച്ച് 27-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിട്ടു. എല്ലാം നഷ്ടമായ ഒരുകൂട്ടം ജനതയുടെ സ്വപ്നമാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ പുനരധിവാസ ടൗണ്‍ഷിപ്പ്. ടൗണ്‍ഷിപ്പിന്റെ ശേഷിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്.

Read more

25-ന് നടക്കുന്ന ചടങ്ങില്‍ റവന്യു മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഒ.ആര്‍. കേളു, റോഷി അഗസ്റ്റിന്‍, എ.കെ. ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.ബി. ഗണേഷ്‌കുമാര്‍, പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, വയനാട് എം.പി. പ്രിയങ്ക ഗാന്ധി, കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദിഖ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ റവന്യു- ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം പ്രോജക്ട് റിപ്പോര്‍ട്ട് അവതരിപ്പിക്കും. വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് സ്പെഷ്യല്‍ ഓഫീസര്‍ എസ് സുഹാസ് നന്ദി അറിയിക്കും.