‘വോട്ടെടുപ്പ് വീണ്ടും വന്നു, നമ്മളെല്ലാം വോട്ടിടണേ’ എന്ന് തുടങ്ങുന്ന വോട്ടെടുപ്പിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള എഐ വീഡിയോയുമായി അഗ്രികള്‍ച്ചറല്‍ ഓഫീസറായ ബിജുലാല്‍. കഴക്കൂട്ടത്തുള്ള പ്രാദേശിക കാര്‍ഷിക പരിശീലനകേന്ദ്രത്തില്‍ (RATTC) ഡെപ്യുട്ടി ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്ന ചെയ്ത വോട്ടെടുപ്പിനെ കുറിച്ചുള്ള ബോധവല്‍ക്കരണ വീഡിയോ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. 2018 ഏപ്രിലില്‍ നടന്ന ഒരു റോഡ് അപകടത്തെ തുടര്‍ന്ന് 3 വര്‍ഷം പൂര്‍ണമായി കിടപ്പിലായിരുന്ന ബിജു താന്‍ ഏറ്റവും ഇഷ്ടപ്പെട്ട ക്യാമറ കൈകാര്യം ചെയ്യാന്‍ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിയില്ലെന്ന് മനസിലാക്കിയാണ് എഡിറ്റിംഗിലേക്കും എഐ വീഡിയോ ക്രിയേഷനിലേക്കും മാറിയത്.
വോട്ടെടുപ്പിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന എഐ വീഡിയോ തീമിന്റെ രചനയും എഡിറ്റിംഗുമെല്ലാം സമയബന്ധിതമായി തീര്‍ത്താണ് പുറത്തിറക്കിയിരിക്കുന്നത്. ആക്‌സിഡന്റിന് ശേഷം കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ നടന്ന 6 ശസ്ത്രക്രിയകള്‍ക്ക് ശേഷവും പരിമിതമായ ചലന സ്വാതന്ത്ര്യം മാത്രമേ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഇതിനിടയിലാണ് ഫിലിം / വീഡിയോ രംഗങ്ങളിലെ എഡിറ്റിംഗ് , ഗ്രാഫിക്‌സ് / BGM / എഫക്ട് തുടങ്ങിയ രംഗങ്ങളിലും AI രംഗത്തും എല്ലാമുള്ള പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നത്. നമ്മുടെ വോട്ട് നമ്മുടെ ശബ്ദം വീഡിയോ ജനങ്ങളിലേക്ക് എത്തുന്നതിന്റെ ആവേശതതിലാണ് ബിജുലാല്‍ ഇപ്പോള്‍.
നേരത്തേയും കൃഷി വീഡിയോ പുറത്തിറക്കിയും ഏഷ്യാനെറ്റിലടക്കം കിസാന്‍ കൃഷിദീപം പരിപാടി നടത്തിയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട് ബിജുലാല്‍. 2003 ല്‍ കൃഷിവകുപ്പ് ഏഷ്യാനെറ്റിലിലൂടെ സംപ്രേഷണം ചെയ്ത കിസാന്‍ കൃഷിദീപം പരിപാടിയുടെ കോ-ഓര്‍ഡിനേറ്ററും ചീഫ് എഡിറ്ററുമായിരുന്നും ബിജുലാല്‍. പ്രസ്തുത പരിപാടിയുടെ ശീര്‍ഷക ഗാനം രചിക്കുകയും ആദ്യത്തെ 275 പ്രതിവാര എപ്പിസോഡുകള്‍ സംവിധാനം ചെയ്ത് അവതരിപ്പിക്കുകയും ചെയ്തു. 2005, 2008 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വെറ്ററിനറി കൗണ്‍സില്‍, കാര്‍ഷിക ടെലിവിഷന്‍ പരിപാടികള്‍ക്കായി ഏര്‍പ്പെടുത്തിയ മികച്ച സംവിധായകനുള്ള പുരസ്‌കാരം കരസ്ഥമാക്കി.
2010 മുതല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും അവധിയില്‍ പ്രവേശിച്ച് , കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ബിരുദധാരികള്‍ക്കായി ആരംഭിച്ച സംരംഭകത്വ പരിപാടിയിന്‍കീഴില്‍ തിരുവനന്തപുരം ആസ്ഥാനമാക്കി ഗ്രീന്‍ടച്ച് ഫാം മീഡിയ എന്ന സ്ഥാപനം ആരംഭിച്ചു. ദക്ഷിണ ഭാരതത്തില്‍ കാര്‍ഷിക-അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രൊഫഷണല്‍ മാധ്യമ സേവനം നല്‍കുക എന്നതായിരുന്നു സ്ഥാപിതലക്ഷ്യം. പ്രസിദ്ധീകരങ്ങള്‍, ഹ്രസ്വ ചിത്രങ്ങള്‍, അനിമേഷന്‍ ചിത്രങ്ങള്‍, ഡോക്യൂമെന്ററികള്‍, വെബ് സര്‍വീസുകള്‍ തുടങ്ങി നിരവധി സേവനങ്ങള്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കാര്‍ഷികരംഗത്തുള്ള വിവിധ സര്‍ക്കാര്‍-സഹകരണ-സ്വകാര്യ ഏജന്‍സികള്‍ക്കായി പൂര്‍ത്തിയാക്കുകയുണ്ടായി. 2015 മുതല്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഡോക്യുമെന്ററി നിര്‍മ്മാണ പാനലില്‍ ഉള്‍പ്പെട്ട അംഗീകൃത സംവിധായകനാണ്. കേന്ദ്ര കൃഷിവകുപ്പ് കാര്‍ഷിക അനുബന്ധ മേഖലകളിലെ മികച്ച സംരംഭകര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ദേശീയ പുരസ്‌കാരം 2017 ല്‍ കരസ്ഥമാക്കുകയുണ്ടായി.
2021 ല്‍ കിസാന്‍ കേരളാ പ്രോജെക്ടില്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടറായി സര്‍ക്കാര്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കുകയും കൃഷിദീപത്തിന്റെ സ്‌ക്രിപ്റ്റ്, പോസ്റ്റ് പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുകയുമായിരുന്നു. ചലന പരിമിതിമൂലം ഫീല്‍ഡ് ജോലികള്‍ നിര്‍വഹിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അര്‍ഹമായ ഉദ്യോഗക്കയറ്റങ്ങള്‍ ഒഴിവാക്കുകയായിരുന്നു. നിലവില്‍ 2025 ജൂലൈ 1 മുതല്‍ തിരുവനന്തപുരം കഴക്കൂട്ടത്തുള്ള പ്രാദേശിക കാര്‍ഷിക പരിശീലനകേന്ദ്രത്തില്‍ ഡെപ്യുട്ടി ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നു.
Read more
വെള്ളായണി കാര്‍ഷിക കോളേജില്‍ നിന്ന് ICAR സ്‌കോളര്‍ഷിപ്പോടെ 1996ല്‍ കൃഷിശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. തിരുവനന്തപുരം പ്രസ് ക്ലബ്ബിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍നിന്ന് ഓഡിയോ വിഷ്വല്‍ ജേണലിസം, പ്രിന്റ് ജേര്‍ണലിസം ഇവയില്‍ ഒന്നാം റാങ്കോടെ വിജയം. വിവിധ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നായി ഡിജിറ്റല്‍ ഫിലിം ടെക്നോളജി, ഗ്രാഫിക്‌സ് & മള്‍ട്ടീമീഡിയ, സിനിമാട്ടോഗ്രഫി, ഫിലിം എഡിറ്റിംഗ് തുടങ്ങിയവയില്‍ യോഗ്യതകളും പ്രായോഗിക പരിശീലനവും. ഹൈദരാബാദിലെ ദേശീയ കാര്‍ഷിക വിജ്ഞാനവ്യാപന ഇന്‍സ്റ്റിറ്റിയുട്ടില്‍ നിന്ന് കാര്‍ഷിക വീഡിയോ നിര്‍മ്മാണത്തില്‍ പ്രത്യേക പരിശീലനവും നേടി. 1996 ല്‍ കണ്ണൂര്‍ കല്യാശേരിയില്‍ കൃഷി ഓഫീസറായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് വിവിധ കൃഷി ഭവനുകളില്‍ കൃഷി ഓഫീസര്‍, രാസവള പരിശോധനാ ലബോറട്ടറിയില്‍ അനലിസ്റ്റ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യുറോയില്‍ അസിസ്റ്റന്റ് എഡിറ്റര്‍ തുടങ്ങിയ തസ്തികകളില്‍ സേവനമനുഷ്ഠിച്ചു.







