ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധി, അപ്പീല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഡി.ജി.പി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിയില്‍ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന് (എ.ജി) ഡി.ജി.പി അനില്‍ കാന്ത് കത്ത് നല്‍കി. കേസ് വിവരങ്ങളും അപ്പീല്‍ നല്‍കാനുള്ള ശുപാര്‍ശയും എ.ജിക്ക് കൈമാറിയിട്ടുണ്ട്.

കേസില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ഡി.ജി.പി കത്തില്‍ വ്യക്തമാക്കി. പൊലീസിന് ലഭിച്ച നിയമോപദേശ പ്രകാരം ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാനാകും. കോട്ടയം എസ്.പിക്കാണ് നിയമോപദേശം ലഭിച്ചത്. അതേസമയം അഭിഭാഷകന്‍ ജോണ്‍ എസ്.റാഫായിരിക്കും കന്യാസ്ത്രീക്ക് വേണ്ടി അപ്പീല്‍ നല്‍കുക. ജനുവരി പതിനാലിനായിരുന്നു കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്.

കേസില്‍ ബിഷപ്പിനെ വെറുതെ വിട്ട നടപടി പൊലീസിന് തിരിച്ചടിയായിരുന്നു. തെളിവുകള്‍ എല്ലാം ഹാജരാക്കിയിരുന്നു എങ്കിലും ബിഷപ്പിന് മേല്‍ ചുമത്തിയ ഏഴ് കുറ്റങ്ങളും നിലനില്‍ക്കില്ലെന്നായിരുന്നു വിചാരണ കോടതി വ്യക്തമാക്കിയത്. ബിഷപ്പ് കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കാണിച്ചായിരുന്നു ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടത്.