മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഉയര്‍ത്തി കാട്ടിയിരുന്നിരുന്നില്ല, 'നായര്‍ ബ്രാന്‍ഡ്' ആയി തന്നെ ആരും പ്രൊജക്ട് ചെയ്തിട്ടില്ല: സുകുമാരന്‍ നായര്‍ക്ക് ചെന്നിത്തലയുടെ മറുപടി

തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ചത് കൊണ്ടാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റതെന്ന എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ വിമര്‍ശനം തള്ളി രമേശ് ചെന്നിത്തല. നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തി കാട്ടിയിരുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു.

‘നായര്‍ ബ്രാന്‍ഡ്’ ആയി തന്നെ ആരും പ്രൊജക്ട് ചെയ്തിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയും താനും എന്നും ഉയര്‍ത്തിപ്പിടിക്കുന്നത് മതേതര നിലപാടാണ്. അത് അങ്ങനെ തന്നെ തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി.

രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയത് ന്യുനപക്ഷങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു എന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. ന്യുനപക്ഷവോട്ടുകളാണ് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും കോണ്‍ഗ്രസിനെയും എക്കാലവും അധികാരത്തിലേറ്റിയിരുന്നത്. ഇത്തവണ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് വന്നപ്പോള്‍ അത് നഷ്ടപ്പെട്ടു അതേ സമയം ഉമ്മന്‍ചാണ്ടിയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെങ്കില്‍ യു ഡി എഫ് വിജയിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തലയെ താക്കോല്‍സ്ഥാനത്ത് ഇരുത്തണമെന്ന് താന്‍ പറഞ്ഞുവെന്നത് ശരിയാണ്. അത് മുസ്ളീമിന്റെ പേരില്‍ അഞ്ചാം മന്ത്രി സ്ഥാനം ലീഗ് ചോദിച്ചുവാങ്ങുന്ന രാഷ്ട്രീയ സാഹചര്യമുണ്ടായപ്പോഴാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.