സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്ന ആരോപണം കടുപ്പിച്ച് രമേശ് ചെന്നിത്തല. എല്‍ഡിഎഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ഉറപ്പാക്കിയത് ഇത്തരത്തിലുള്ള ഡീലിലൂടെയാണെന്നും സമാനമായ ധാരണയാണ് ബിജെപിയും സിപിഐഎമ്മും ഇത്തവണയും നടപ്പിലാക്കുന്നതെന്നുമാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.
‘2021ല്‍ ആരംഭിച്ച ധാരണയാണ് ഇത്. കോണ്‍ഗ്രസ് മുക്ത ഭാരതം ലക്ഷ്യമിട്ടാണ് സഖ്യം. അങ്ങനെയാണ് എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കുന്നത്. 69 മണ്ഡലങ്ങളില്‍ ബിജെപി വോട്ട് സിപിഐഎമ്മിന് നല്കി. കേരളത്തില്‍ തുടര്‍ഭരണം ഉണ്ടായത് ബിജെപി-സിപിഐഎം സഖ്യം കാരണമാണ്,’ അദ്ദേഹം പറഞ്ഞു.
യുഡിഎഫ് കേരളത്തില്‍ അധികാരത്തിലെത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന രാഷ്ട്രീയസഖ്യത്തിന് നേതൃത്വം കൊടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണെന്നും അദ്ദേഹം പറഞ്ഞു. ‘കേരളത്തില്‍ കുന്നത്തുന്നാട് മാത്രമാണ് ട്വന്റി20 ഉള്ളത്. അവരാണ് പ്രധാന സിപിഎം നേതാക്കള്‍ക്ക് എതിരെ മത്സരിക്കുന്നത്. അല്ലാത്ത സ്ഥലങ്ങളില്‍ ബിജെഡിഎസും’ രമേശ് ചെന്നിത്തല പറഞ്ഞു.







