കുഞ്ഞ് അനുപമയുടേത്‌ തന്നെ; ഡി.എൻ.എ ഫലം പോസിറ്റീവ്

ദത്ത് കേസിൽ കുഞ്ഞ് അനുപമയുടേതാണെന്ന് തെളിഞ്ഞു. ഡിഎന്‍എ പരിശോധനയില്‍ മൂന്ന് പേരുടെയും ഫലം പൊസിറ്റീവായി. ഇതോടെ കുഞ്ഞിനെ തിരികെ നല്‍കാനുള്ള നടപടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വീകരിക്കും. പരിശോധനാ ഫലം കോടതിയില്‍ ഹാജരാക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള നടപടികള്‍.

അതിയായ സന്തോഷമുണ്ടെന്നും കുഞ്ഞിനെ എത്രയും വേഗം തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷയെന്നും അനുപമ പ്രതികരിച്ചു. ആരോപണ വിധേയര്‍ക്കെതിരെ നടപടി എടുക്കുകയും, തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്യുന്നത് വരെ സമരം തുടരുമെന്ന് അവർ വ്യക്തമാക്കി.

സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് അനുപമ ആവശ്യപ്പെട്ടിരുന്നു. ശിശുക്ഷേമസമിതി സെക്രട്ടറി ഷിജു ഖാനടക്കമുള്ളവര്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണ് അനുപമ ഉന്നയിച്ചത്. വകുപ്പുതല അന്വേഷണത്തിലൂടെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും, നടന്നത് കുട്ടിക്കടത്ത് തന്നെയാണെന്നും അവര്‍ ആരോപിച്ചിരുന്നു. സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ അനുപമ സമരം തുടരും.

വനിതാ – ശിശു വികസന വകുപ്പ് ഡയറക്ടര്‍ രേഖപ്പെടുത്തിയ തങ്ങളുടെ മൊഴികളില്‍ സംശയമുണ്ട്. ശിശുക്ഷേമ സമിതിയില്‍ പോയി അന്വേഷിച്ചതിന് രജിസ്റ്ററില്‍ തെളിവുകളില്ലെന്നാണ് പറയുന്നത്. സംഭവത്തില്‍ തെളിവടക്കം നശിപ്പിക്കുന്ന നടപടി ഉണ്ടായിട്ടുണ്ട്. സമിതിക്ക് സംസ്ഥാനത്തിന് അകത്ത് മാത്രം ദത്ത് കൊടുക്കാനാണ് അനുമതിയെന്നും അനുപമ ആരോപിച്ചിരുന്നു.