പണിമുടക്ക് കാലഹരണപ്പെട്ടതൊന്നും കമ്പ്യൂട്ടര്‍ വിരുദ്ധരായിരുന്നവര്‍ അറിഞ്ഞിട്ടില്ല; പൊതുജനം എന്നും കഴുതകളാകില്ലെന്ന് ജോയ് മാത്യു

ദേശീയ പണിമുടക്കിനെ പരിഹസിച്ച് നടര്‍ ജോയ്മാത്യു. പണിമുടങ്ങിയാലും പലിശ മുടങ്ങില്ലെന്ന ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പണിമുടക്കിനെതിരെ ജോയ്മാത്യു വിമര്‍ശനം ഉന്നയിക്കുന്നത്. പണിമുടക്കെന്നത് കാലഹരണപ്പെട്ട ആശയമെന്നത് കമ്പ്യൂട്ടര്‍ വിരുദ്ധര്‍ക്ക് ഇപ്പോഴും അറിയില്ലെന്നും ജോയ് മാത്യു കുറ്റപ്പെടുത്തുന്നു. മൈതാന പ്രസംഗത്തില്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്നവര്‍ തലസ്ഥാനത്തെത്തുമ്പോള്‍ പൂക്കളുമായി കുമ്പിട്ട് നില്‍ക്കുമെന്നും മുഖ്യമന്ത്രിയെ പരോക്ഷമായി പരിഹസിച്ച് കൊണ്ട് ജോയ് മാത്യു പറഞ്ഞു. വിലക്കയറ്റം സൃഷ്ടിക്കുന്നത് കേന്ദ്ര ഗവര്‍മെന്റ് ആണെങ്കില്‍ അവരുടെ ജനപ്രതിനിധികളെയല്ലേ തടഞ്ഞു വെക്കേണ്ടത് ? അവരല്ലേ ജനങ്ങളോട് സമാധാനം പറയേണ്ടത് ? എന്നും ജോയ് മാത്യു കുറിപ്പിലൂടെ ചോദിക്കുന്നു.

ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്..

പണിമുടങ്ങിയാലും
പലിശമുടങ്ങില്ല –
——————————-
നഴ്‌സായ ഭാര്യയെ ജോലിക്ക് കൊണ്ടുവിട്ട് വരുന്ന ഓട്ടോ ഡ്രൈവറോട് തൊ.വ.നേതാവ് ആക്രോശിക്കുന്നത് ഇന്നത്തെ സമരക്കാഴ്ചകളില്‍ കണ്ടു.
‘മൂന്നുമാസം മുന്‍പ് പ്രഖ്യാപിച്ചതാണല്ലോ പണിമുടക്ക് എന്നിട്ടാണോ വണ്ടിയെടുത്തത് ?’
തലയില്‍ ചകിരിച്ചോര്‍ മാത്രമുള്ളവരുടെ ചോദ്യമാണത് .
മുന്‍കൂട്ടി സമയവും കാലവും കണക്കുകൂട്ടി ഒറ്റയടിക്ക് നാലുദിവസം അവധിയെടുക്കാനും ആഘോഷിക്കാനും ട്രേഡ് യൂണിയന്‍ നേതാക്കള്‍ തീരുമാനിക്കുന്നു.അടിമകള്‍ അനുസരിക്കുന്നു.
ദിവസക്കൂലിക്ക് പണിയെടുക്കുന്നവനും കൊള്ളപ്പലിശക്ക് വായ്പയെടുത്ത് കച്ചവടമോ വാടക വാഹനമോ ഓടിച്ചു നിത്യവൃത്തി നടത്തുന്നവന്റെയും ദുരിതം ഇരട്ടിക്കുന്നു. (ഓര്‍ക്കുക ബാങ്കില്‍ നിന്നും വായ്പയെടുത്തവര്‍ പണിമുടങ്ങിയ ദിവസങ്ങളിലും പലിശ കൊടുക്കേണ്ടിവരും )
പണിമുടക്ക് എന്ന സമരമുറ കലഹരണപ്പെട്ടതൊന്നും ഒരിക്കല്‍ കമ്പ്യൂട്ടര്‍ വിരുദ്ധരായിരുന്നവര്‍ ഇപ്പോഴും അറിഞ്ഞിട്ടില്ല.
വിലക്കയറ്റം സൃഷ്ടിക്കുന്നത് കേന്ദ്ര ഗവര്‍മെന്റ് ആണെങ്കില്‍ അവരുടെ ജനപ്രതിനിധികളെയല്ലേ തടഞ്ഞു വെക്കേണ്ടത് ? അവരല്ലേ ജനങ്ങളോട് സമാധാനം പറയേണ്ടത് ?
അതെങ്ങിനെ? ഇവിടെ മൈതാന പ്രസംഗത്തില്‍ കേന്ദ്രനെ കടിച്ചുകീറുന്ന വ്യാഘ്രങ്ങള്‍ അങ്ങ് തലസ്ഥാനത്തെത്തുമ്പോള്‍ പൂക്കളുമായി കുമ്പിട്ട് നില്‍ക്കും.
പൊതുജനം എന്നും കഴുതകള്‍ ആവില്ല.