ടീകോമില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങാന്‍ വ്യവസ്ഥയില്ലെന്ന് വ്യവസായ മന്ത്രി; സംസ്ഥാന താത്പര്യം സംരക്ഷിക്കുമെന്ന് പി രാജീവ്; കരാറിലെ വീഴ്ച മറയ്ക്കാനാവാതെ മൃദുസമീപനവും 'നല്ല ബന്ധത്തിന്' എന്ന് വാദം

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ വീഴ്ച വരുത്തിയ ദുബായ് കമ്പനി ടീകോമിനെ അങ്ങോട്ട് നഷ്ടപരിഹാരം നല്‍കി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരത്തിന് വ്യവസ്ഥയില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്. സംസ്ഥാന താല്‍പര്യം സംരക്ഷിക്കുമെന്ന് വ്യവസായ മന്ത്രി വ്യക്തമാക്കുമ്പോഴും കരാറിലെ വീഴ്ചയെന്ന നിയമസഭ പബ്‌ളിക്ക് അക്കൗണ്ട് കമ്മിറ്റി റിപ്പോര്‍ട്ട് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. കരാറില്‍ കൃത്യമായ വ്യവസ്ഥകളുണ്ടായിരുന്നെങ്കില്‍ സര്‍ക്കാരിന് കോടിക്കണക്കിനു രൂപ നഷ്ടപരിഹാരം ലഭിക്കുമെന്ന ഐടി വകുപ്പിന്റെ തുറന്നുസമ്മതം പല ചോദ്യങ്ങളും ഉയര്‍ത്തിയിരുന്നു.

ആര്‍ബിട്രേഷന്‍ നടപടികളുമായി പോയാല്‍ ഭൂമി ഉപയോഗിക്കാന്‍ കഴിയാതെ കിടക്കുമെന്നും മറ്റു നിയമ സങ്കീര്‍ണത ഒഴിവാക്കാനാണ് ഇത്തരം ഒരു വഴി സ്വീകരിക്കുന്നതെന്നും വ്യവസായ മന്ത്രി വ്യക്തമാക്കി.

നിയമോപദേശമനുസരിച്ചാണ് സര്‍ക്കാര്‍ നീങ്ങുന്നത്. സംസ്ഥാന താല്പര്യം സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുക. കരാറിന് അകത്ത് നിന്ന് കൊണ്ട് തന്നെ സാമ്പത്തിക നഷ്ടം വരാതെ മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. വേഗത്തില്‍ ഭൂമി കൈമാറ്റം നടക്കാനാണ് ഇത്തരമൊരു നീക്കം. സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായി ഒരു നടപടിയും ഉണ്ടാകില്ല.

ടീക്കോമില്‍ നിന്ന് തിരിച്ചെടുക്കുന്ന ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറില്ലെന്നും പി രാജീവ് പറഞ്ഞു. യുഎഇ മായുള്ള നല്ല ബന്ധം നിലനിര്‍ത്താനാണ് കരാര്‍ വ്യവസ്ഥ ലംഘിച്ചിട്ടും ആര്‍ബിട്രേഷന്‍ നടപടിയിലേക്ക് പോകാത്തതെന്ന വാദവും വ്യവസായ വകുപ്പ് നിരത്തുന്നുണ്ട്. വര്‍ഷങ്ങളായി സംസ്ഥാനത്തിന്റെ ഭൂമി കയ്യില്‍വെച്ച് കരാര്‍ വ്യവസ്ഥ ലംഘിച്ച സ്ഥാപനത്തോട് ഇത്ര മൃദുസമീപനം എന്തിനെന്ന ചോദ്യം ഉയരുമ്പോഴും സാങ്കേതികത പറഞ്ഞും ഒഴിയാനുള്ള ശ്രമമാണ് സര്‍ക്കാരിന്റേത്.