സുരേഷ്‌ഗോപി ധാരാളം അതിസുന്ദരിമാരെ കണ്ടിട്ടുള്ള വ്യക്തി; മാധ്യമ പ്രവര്‍ത്തകയോട് പ്രകടിപ്പിച്ചത് വാത്സല്യമെന്ന് സിപിഎം എംഎല്‍എ ദലീമ

മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ സുരേഷ്‌ഗോപിയ്ക്ക് പിന്തുണയുമായി സിപിഎം എംഎല്‍എ ദലീമ ജോജോ. സിനിമ ലോകം എന്ന് പറഞ്ഞാല്‍ സാധാരണ അനവധി സൗന്ദര്യമുള്ള സ്ത്രീകളുള്ള ലോകമാണ്. സിനിമാ നടനായ സുരേഷ്‌ഗോപി ധാരാളം അതിസുന്ദരിമാരെ കണ്ടിട്ടുള്ള വ്യക്തിയാണ്. അങ്ങനെയൊരാള്‍ പൊതുമധ്യത്തില്‍ അപമര്യാദയായി പെരുമാറി എന്ന് കരുതാനാവില്ലെന്നും അരൂര്‍ എംഎല്‍എ പറഞ്ഞു.

അമേരിക്കയിലെ മിയാമിയില്‍ നടന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വനിതാ ഫോറത്തിലായിരുന്നു ദലീമയുടെ വിവാദ പ്രതികരണം. സിനിമക്കാര്‍ അതി സൗന്ദര്യമുള്ളവരെ കാണുന്നവരാണല്ലോ. തെറ്റായി ചിന്തിച്ചെന്ന് തനിക്ക് തോന്നുന്നില്ലെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. സുരേഷ്‌ഗോപിയുടെ പെരുമാറ്റം മലയാളിയുടെ ശൈലിയാണ്. മതങ്ങളെല്ലാം പഠിപ്പിക്കുന്നത് സപര്‍ശിക്കണം, സ്‌നേഹം കൊടുക്കണം എന്നാണെന്നും ദലീമ അഭിപ്രായപ്പെട്ടു.

പല മത വിഭാഗങ്ങളിലും പ്രസംഗിക്കുമ്പോള്‍ അങ്ങനെയാണ് പറയാറുള്ളത്. ഒരു കുഞ്ഞിനെ താലോലിക്കുമ്പോള്‍ എന്താണ് ചെയ്യുക. ഒന്ന് തൊട്ട് ഉമ്മ വയ്ക്കും, ഇത് നമ്മള്‍ മലയാളികളുടെ ശൈലിയാണ്. അങ്ങനെ പഠിച്ച് വളര്‍ന്നവരാണ് നമ്മള്‍ ഓരോരുത്തരും. അവിടെ സംഭവിച്ചതും അങ്ങനെയാവാനാണ് സാധ്യതയെന്നും എംഎല്‍എ അറിയിച്ചു.

താന്‍ ഒന്ന് കയ്യില്‍ പിടിച്ച് അല്ലെങ്കില്‍ തൊട്ട് സ്വാന്തനം കൊടുക്കാന്‍ ശ്രമിക്കുന്നവളാണ്. അതൊരു തെറ്റായി താന്‍ ചിന്തിക്കുന്നില്ല. സിനിമ നടന്‍ എന്ന നിലയിലും നാല് പെണ്‍കുഞ്ഞുങ്ങളുടെ അച്ഛന്‍ എന്ന നിലയിലും ഒരിക്കലും, ഒരു കാരണവശാലും തെറ്റായിട്ട് പോകാന്‍ സാധ്യതയില്ല എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ദലീമ വ്യക്തമാക്കി.

അതേ സമയം സുരേഷ്‌ഗോപി ചെയ്തത് തെറ്റാണെന്ന് വാര്‍ത്താ സമ്മേളനത്തിലൂടെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു. സിപിഎമ്മിനും മുഖ്യമന്ത്രിയുടെ അഭിപ്രായം തന്നെയാണ് വിഷയത്തിലുള്ളത്. പാര്‍ട്ടിയിലെ വനിതാ എംഎല്‍എ സുരേഷ്‌ഗോപിയ്ക്ക് അനുകൂലമായ നിലപാടുമായി പിന്തുണ പ്രഖ്യാപിച്ചത് സിപിഎമ്മിനുള്ളില്‍ കടുത്ത  വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.